scorecardresearch
Latest News

ഒരുമിച്ച് ഓണമുണ്ട് ഉയിർത്തെഴുന്നേൽക്കുന്ന കേരളം

‘നഷ്ടങ്ങളെ കുറിച്ചോർത്ത് തളർന്നു പോകരുത്,  തിരിച്ച് പിടിക്കാവുന്ന നഷ്ടങ്ങൾ മാത്രമാണ് സംഭവിച്ചത്’- മമ്മൂട്ടി

Kerala celebrates Onam at Releif camps
Kerala celebrates Onam at Releif camps

പ്രളയക്കെടുതിക്കിടയിലും ജാതിമതഭേദമില്ലാതെ ഓണം ആഘോഷിക്കുകയാണ് കേരളത്തിലെ ജനത. സ്നേഹത്തിന്റെയും കരുതലിന്റെയും ഒത്തുചേരലിന്റെയും ഹൃദയസ്പർശിയായ കാഴ്ചകളാണ് ദുരിതാശ്വാസ ക്യാംപുകളിൽ തിരുവോണനാളിൽ കാണാൻ കഴിയുന്നത്. ലോക ടെക് ഭീമനായ ആപ്പിൾ മുതൽ ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്ന ഇന്ത്യൻ വ്യോമസേന വരെ സഹായഹസ്തവുമായി എത്തി.

കുടുംബത്തോടൊപ്പമുള്ള ആഘോഷങ്ങളെല്ലാം മാറ്റിവെച്ച് രാഷ്ട്രീയക്കാരും സിനിമാക്കാരും ദുരിതാശ്വാസ ക്യാംപുകളിലെത്തി പ്രളയ ബാധിതർക്കൊപ്പം സമയം ചെലവഴിക്കുകയും ഓണമുണ്ണുകയും ചെയ്തു. രാഷ്ട്രീക്കാരായ തോമസ് ഐസക്ക്, ഷാഫി പറമ്പിൽ, എം ബി രാജേഷ്, വെള്ളാപ്പള്ളി നടേശൻ, ജി. സുധാകരൻ, ശൈലജ ടീച്ചർ, സജി ചെറിയാൻ, വി. എ. സുനിൽ കുമാർ, അൽഫോൺസ്  കണ്ണന്താനം സിനിമാതാരങ്ങളായ മമ്മൂട്ടി, നാദിർഷ, രമേഷ് പിഷാരടി, മുത്തുമണി,  ഗായിക കെ. എസ് ചിത്ര, സ്റ്റീഫൻ ദേവസ്യ എന്നിവരെല്ലാം സംസ്ഥാന വിവിധ ക്യാംപികളിലെത്തി ഓണാഘോഷങ്ങളിൽ പങ്കെടുത്തു, പ്രളയത്തിൽ സർവ്വവും നഷ്ടപ്പെട്ട ലക്ഷകണക്കിനു വരുന്ന പ്രളയബാധിതർക്ക് ആശ്വാസവും സന്തോഷവും പകർന്നു.

കൊടുങ്ങല്ലൂരിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു മമ്മൂട്ടി എത്തിയത്. ‘നഷ്ടങ്ങളെ കുറിച്ചോർത്ത് തളർന്നു പോകരുത്,  തിരിച്ച് പിടിക്കാവുന്ന നഷ്ടങ്ങൾ മാത്രമാണ് സംഭവിച്ചത് . അത് ഒരുമിച്ച് നിന്ന് നമ്മൾ വീണ്ടെടുക്കുമെന്നും’ മമ്മൂട്ടി പറഞ്ഞു. ‘മൂന്ന് കോടി ജനസംഖ്യയുളളവരിൽ പത്ത് ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചുവെന്നത് ശരിയാണ്. പക്ഷേ ബാക്കിയുളളവർ ഒരുമിച്ച് നിന്നാൽ ഈ ദുരന്തത്തെ നേരിടാവുന്നതേയുളളൂ. നമുക്ക് ഒരു പരിചയവുമില്ലാത്തവരാണ് നമ്മുടെ ജീവിതം തിരികെ തന്നത്. എല്ലാം പോയി എന്ന് ഈ സാഹചര്യത്തിൽ കരുതരുത്. എല്ലാ സംവിധാനങ്ങളും സർക്കാരും രാഷ്ട്രീയ, സന്നദ്ധ പ്രവർത്തകരും മറ്റുളളവരും എല്ലാം ഒപ്പമുണ്ട്. കാര്യങ്ങൾ പ്രാവർത്തികമാക്കിയെടുക്കാൻ അവർക്ക് കുറച്ച് സമയം നൽകണം. നിങ്ങൾക്ക് നല്ല ജീവിതമുണ്ടാകും. ഈ ദുരന്തത്തിന് നമ്മളെ തകർക്കാനാകില്ല. നാടിന്റെ പുനർനിർമ്മിതിക്ക് കാരണമാകും. ഉൾക്കരുത്തോടെ നേരിടാനുളള ശക്തിയുണ്ടാകണം. ഇനിയൊരു ദുരന്തം ഉണ്ടാകാതിരിക്കട്ടേ. ധൈര്യത്തോടെ ശക്തിയോടെ ഭാവിയെ നേരിടാൻ കഴിയും, സങ്കടപ്പെടരുത്, മനസ്സിടിഞ്ഞ് പോകരുത് ആശ്വാസവചനങ്ങളുമായി മമ്മൂട്ടി ദുരിതബാധിതർക്ക് ആത്മവിശ്വാസം പകർന്നു. നാദിർഷയും രമേഷ് പിഷാരടിയും മമ്മൂട്ടിയ്ക്ക് ഒപ്പമുണ്ടായിരുന്നു.

ആലപ്പുഴ ക്യാംപിലാണ് തോമസ് ഐസക്കും ചിത്രയും എത്തിയത്. ക്യാംപിലെ കുട്ടികൾക്ക് മിഠായികൾ നൽകിയും പാട്ടുപാടി കൊടുത്തും ക്യാംപിലുള്ളവരോട് സംസാരിച്ചും ഒപ്പമിരുന്ന് തിരുവോണസദ്യ ഉണ്ണുകയും ചെയ്തതിനു ശേഷമാണ് മലയാളത്തിന്റെ വാനമ്പാടി മടങ്ങിയത്. ഉച്ചയ്ക്ക് ശേഷം നടി മുത്തുമണിയും ക്യാംപിലെത്തി.

പാലക്കാട്ടെ ദുരിതാശ്വാസ ക്യാംപിലേക്ക് എം.എല്‍.എ ഷാഫി പറമ്പിലും എം.ബി രാജേഷും ഒന്നിച്ചാണ് എത്തിയത്. ജാതിമത കക്ഷി രാഷ്ട്രീയം ഭേദം മറന്ന് നമ്മളെല്ലാവരും ഒന്നിച്ച് ജനങ്ങൾക്കൊപ്പം നിൽക്കേണ്ട സന്ദർഭമാണ് ഇതെന്നും ആ രീതിയിൽ തന്നെയാണ് ഞങ്ങളിപ്പോൾ പ്രവർത്തിക്കുന്നതെന്നും എംബി രാജേഷ് പറഞ്ഞു. മലയാളികളെ ദുരന്തത്തില്‍ നിന്ന് കരകയറ്റാന്‍ എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളും ഒരുമിച്ച് നില്‍ക്കണമെന്ന സന്ദേശം കൂടി നൽകുന്നുണ്ടായിരുന്നു ഇരുവരുടെയും ഒന്നിച്ചുള്ള വരവ്.

അമ്പലപ്പുഴ ഗവ: കോളേജ് ക്യാംപിൽ വെള്ളാപ്പള്ളി നടേശനും ജി. സുധാകരനും ഒന്നിച്ചെത്തി ക്യാംപിലുള്ളവർക്കൊപ്പം ഓണം ഉണ്ടു.

മാനന്തവാടി പിലാക്കാവ് ദുരിതാശ്വാസ ക്യാംപിലായിരുന്നു ആരോഗ്യ സാമുഹികക്ഷേമവകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചർ തിരുവോണദിനം ചെലവഴിച്ചത്. ക്യാംപിലുള്ളവർക്ക് സദ്യ വിളമ്പി കൊടുത്തും പ്രളയബാധിതർക്ക് ആത്മവിശ്വാസം നൽകിയും ഏറെസമയം ക്യാംപിൽ ചെലവഴിച്ചാണ് ആരോഗ്യമന്ത്രിയും മടങ്ങിയത്.

അതേസമയം, ഓണാഘോഷങ്ങൾ മാറ്റിവെച്ച് പ്രളയബാധിതർക്ക് ഓണസമ്മാനം നൽകുകയായിരുന്നു റിമി ടോമി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം രൂപയാണ് തിരുവോണനാളിൽ റിമി സംഭാവന നൽകിയിരിക്കുന്നത്.

ഇത്രയേറെ മനുഷ്യർ പരസ്പരം കരുത്തും സ്നേഹവും പകർന്ന് ഒന്നിച്ചുനിന്ന് ആഘോഷിക്കുന്ന ഈ ഓണം ഒത്തൊരുമയുടെ സങ്കീർത്തനമായി മാറുകയാണ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Onam toghetherness kerala

Best of Express