തിരുവനന്തപുരം: കോവിഡ് മഹാമാരി കേരളത്തിൽ പടർന്നുപിടിക്കുമ്പോഴും ഓണത്തിന് സാധാരണക്കാർക്ക് കൈസഹായവുമായി സർക്കാർ. ഓണത്തിന് സൗജന്യഭക്ഷ്യ കിറ്റ് നൽകാൻ സർക്കാർ തീരുമാനമായി. ഓണവിഭവങ്ങളടക്കം 500 രൂപയുടെ കിറ്റ് നൽകാനാണ് ഉദ്ദേശ്യം.

ഒരു കിലോ പഞ്ചസാര, അരക്കിലോ വെളിച്ചെണ്ണ, അരക്കിലോ ചെറുപയര്‍ അല്ലെങ്കില്‍ വന്‍പയര്‍, മുളകുപൊടി ഉള്‍പ്പെടെയുളള കറിപൗഡറുകൾ, പായസക്കൂട്ട് തുടങ്ങി പത്തിനം സാധനങ്ങളാണ് സപ്ലൈകോ നിർദേശിച്ച കിറ്റിലുളളത്. ഈ കിറ്റ് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ അടുത്തമാസം വിതരണമുണ്ടാകും.

Read Also: സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് കേരള പൊലീസ് അന്വേഷിക്കണം: ചെന്നിത്തല

ലോക്ക്ഡൗൺ കാലത്ത് സർക്കാർ 1000 രൂപയുടെ കിറ്റാണ് നൽകിയത്. ഓണത്തിനും സമാന കിറ്റാണ് സപ്ലൈകോ നിർദേശിച്ചതെങ്കിലും ചെലവ് കുറയ്ക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടതോടെ കിറ്റിലെ സാധനങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കുകയായിരുന്നു. 440 രൂപയുടെ സാധനങ്ങളും 60 രൂപ പായ്ക്കിങ് ചാര്‍ജും ഉള്‍പ്പടെ കിറ്റൊന്നിന് 500 രൂപയാണ് ചെലവ് വരുന്നത്.

ഒന്നരലക്ഷത്തോളം വരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കിറ്റ് നല്‍കാൻ നടപടിയായിട്ടുണ്ട്. 26 ലക്ഷം വിദ്യാര്‍ഥികള്‍ക്കുള്ള കിറ്റ് വിതരണം സ്കൂളുകള്‍ വഴിയായിരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.