തിരുവനന്തപുരം: സര്‍ക്കാര്‍ എന്നും വിഷമിക്കുന്നവര്‍ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണം വാരാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഓണം വാരാഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്.

സര്‍ക്കാര്‍ എന്നും വിഷമിക്കുന്നവര്‍ക്കൊപ്പമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് കേരളം പാഠം പഠിക്കണമെന്നും പറഞ്ഞു. അപകട സാധ്യതയുള്ള മേഖലകളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കണം. അത്തരം നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുകയാണ്. അപകട സാധ്യതയുള്ള എല്ലാ മേഖലകളില്‍ നിന്നും ആളുകളെ മാറ്റും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ ഉള്‍പ്പെടുത്തി ജനകീയ സേന രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേമ പെൻഷനുകളും ദുരിതാശ്വാസകർക്കായുള്ള തുകകളും കൃത്യമായി സർക്കാർ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള കേന്ദ്രസഹായം നാമ മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read Also: ഒന്‍പത് മാസത്തിനുള്ളില്‍ 10 ലക്ഷം യാത്രക്കാര്‍; കണ്ണൂര്‍ വിമാനത്താവളം ഉയരങ്ങളിലേക്ക്

ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം സംസ്ഥാനത്ത് നൽകിയ ക്ഷേമ പെൻഷനുകൾ 18,171 കോടി രൂപയാണ്.  ഇത്തവണ ഓണത്തിന് 52 ല​ക്ഷം ആളുകൾക്ക് ക്ഷേമ പെൻഷൻ എന്ന നിലയ്ക്ക് നൽകിയത് 1971 കോടി രൂപയാണ്.  ജീവനക്കാർക്ക് ബോണസ് തുടങ്ങിയവക്കായി 281 കോടി രൂപയാണ് സർക്കാർ ചെലവിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, പ്രതിപക്ഷം സർക്കാരിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് സർക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയത്. അർഹരായവർക്ക് ഓണക്കിറ്റ് ലഭിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ആരോപിച്ചു. ധനവകുപ്പിന്‍റെ ക്ലിയറൻസ് ഇല്ലാത്തതുകൊണ്ടാണ് സൗജന്യ കിറ്റ് വിതരണം വേണ്ടെന്ന് വച്ചതെന്നാണ് സപ്ലെെകോയുടെ വിശദീകരണം. എന്നാൽ മറ്റ് പല സൗജന്യങ്ങളും അനുവദിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ഓണക്കിറ്റ് ഒഴിവാക്കിയതെന്നുമാണ് സര്‍ക്കാർ പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.