തിരുവന്തപുരം: മഴ തുടരുന്ന സാഹചര്യത്തില്‍ ഓണപരീക്ഷകള്‍ മാറ്റിവച്ചു. നിര്‍ത്താതെ പെയ്യുന്ന മഴയും, സ്‌കൂളുകളില്‍ മിക്കതും ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവര്‍ത്തിക്കുന്നതും കണക്കിലെടുത്തു ഓഗസ്റ്റ് 31 ന് തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന ഒന്നാം പാദ വാര്‍ഷിക പരീക്ഷ മാറ്റിവയ്ക്കുന്നതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹൻ കുമാർ അറിയിച്ചു. പുതുക്കിയ തീയതികള്‍ പിന്നാലെ അറിയിക്കുന്നതാണ്.

സംസ്ഥാനത്ത് വ്യാപകമായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ അവധി പ്രഖ്യാപിച്ചിച്ചുണ്ട്. അതത് ജില്ലകളിലെ കലക്ടര്‍മാരാണ് അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, തൃശ്ശൂര്‍, പത്തനംതിട്ട, ആലപ്പുഴ, വയനാട്, കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പടെയാണ് അവധി. അംഗൻവാടികള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയില്‍ നാളേയും മറ്റന്നാളും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അംഗൻവാടികള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. കുസാറ്റ് നാളെയും മറ്റന്നാളുമായി നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചിട്ടുണ്ട്. കണ്ണൂര്‍ സര്‍വ്വകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.

എംജി സര്‍വ്വകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളില്‍ വ്യാഴാഴ്ച നടത്താനിരുന്ന കോളേജ് യൂണിയന്‍ വോട്ടെടുപ്പും വോട്ടെണ്ണലും മാറ്റിവച്ചു. പുതുക്കിയ തീയതിതികള്‍ പിന്നീട് അറിയിക്കും. കേരള സര്‍വ്വകലാശാല ഓഗസ്റ്റ് 16, 17 തീയതികളില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.