തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾക്ക് കർശന നിയന്ത്രണം. ഓണത്തിരക്ക് നിയന്ത്രിക്കാൻ ജില്ലാ പൊലീസ് മേധാവികൾക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദേശം നൽകി. പൊതുസ്ഥലങ്ങളിലെ ഓണാഘോഷമോ ഓണസദ്യയോ കൂട്ടംകൂടലോ ഒരു തരത്തിലും അനുവദിക്കില്ല. പായസം, മല്‍സ്യം തുടങ്ങിയവ വില്‍ക്കുന്ന കടകളും ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും ഡിജിപി അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കണമെന്ന് ആരോഗ്യവിഭാഗവും മുന്നറിയിപ്പ് നൽകുന്നു.

ഓണം പ്രമാണിച്ച് സെപ്റ്റംബർ രണ്ടു വരെ കണ്ടെയ്‌ൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ കച്ചവട സ്ഥാപനങ്ങൾക്കും കടകൾക്കും പ്രവർത്തന സമയത്തിലുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ സംസ്ഥാന സർക്കാർ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ കടകൾ രാത്രി 9 മണി വരെ തുറന്നു പ്രവർത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത അറിയിച്ചു. എന്നാൽ കണ്ടെയ്‌ൻമെന്റ് സോണിലെ കടകളും കച്ചവട സ്ഥാപനങ്ങളും നിലവിലെ മാർഗനിർദ്ദേശപ്രകാരം പ്രവർത്തിക്കണം. ആളുകൾ കൂടുന്ന പരിപാടികൾ നടത്തരുത്. ഓണാഘോഷം ഒഴിവാക്കണം. പൂക്കള മത്സരം, ഓണക്കളികൾ തുടങ്ങിയവ പൂർണമായി ഒഴിവാക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

പൊതുഗതാഗതത്തിനു ഇളവ്

സംസ്ഥാനത്ത് നിയന്ത്രണങ്ങളില്ലാതെ പൊതുഗതാഗതം ആരംഭിച്ചു. കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് നടത്തുന്നുണ്ട്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് അയൽ ജില്ലകളിലേക്ക് മാത്രമായിരുന്നു ഇതുവരെ കെഎസ്‌ആർടിസി സർവീസ് നടത്തിയിരുന്നത്. ഓണക്കാലമായതിനാൽ നിയന്ത്രണങ്ങളില്ലാതെ പൊതുഗതാഗതത്തിനു സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. സെപ്‌റ്റംബർ ഒന്ന് വരെയാണ് ഇളവ്. ഇക്കാലയളവിൽ ബസുകൾക്ക്​ കേരളത്തിൽ എവിടേയും സർവീസ്​ നടത്താം. കെഎസ്‌ആർടിസിക്ക് സാധാരണ നിലയിലുള്ള സർവീസ് നടത്താം. രാവിലെ ആറ്​ മുതൽ രാത്രി 10 വരെയാണ് ദീർഘദൂര സർവീസുകൾക്ക് അനുമതി.

Read Also: Kerala Onam Bumper 2020: ഓണം ബമ്പര്‍, ഇതു വരെ വിറ്റത് 13.25 ലക്ഷം ടിക്കറ്റ്

തിരുവനന്തപുരത്ത് കൂടുതൽ നിയന്ത്രണങ്ങൾ

കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന തിരുവനന്തപുരം ജില്ലയിൽ ഓണാഘോഷങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഓണാഘോഷം വീടുകളിൽ മാത്രമായിരിക്കണമെന്ന് ജില്ലാ കലക്‌ടർ നവജോത് ഖോസ അറിയിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിക്കണം. വഴിയോര കച്ചവടക്കാർ, മത്സ്യ വ്യാപാരികൾ, ലഘുഭക്ഷണ ശാലകൾ എന്നിവ പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിക്കണം. കലാപരിപാടികള്‍ വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ നടത്തണം. ഹാളുകള്‍, മൈതാനങ്ങള്‍,റോഡുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആഘോഷങ്ങള്‍ നടക്കുന്നില്ലെന്നു റസിഡന്‍ഡ് അസോസിയേഷനുകള്‍ ഉറപ്പാക്കണമെന്നും ജില്ലാ കലക്‌ടർ നിർദേശിച്ചു. കടകളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് മാത്രമേ വ്യാപാരം നടത്താവൂ. സാമൂഹിക അകലം ഉറപ്പാക്കണമെന്നും കലക്ടർ മുന്നറിയിപ്പ് നൽകി. അതീവ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ രോഗവ്യാപനം അതിരൂക്ഷമാകുമെന്ന് ജില്ലാ ഭരണകൂടം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

മദ്യവിൽപ്പനയിൽ ഇളവ്

സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലറ്റുകൾ വഴിയുള്ള മദ്യവിൽപ്പന സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്. രാവിലെ ഒൻപത് മുതൽ വൈകീട്ട്‌ ഏഴ് വരെ മദ്യവിൽപ്പന നടത്താം. നേരത്തെ ഇത് അഞ്ച് മണി വരെയായിരുന്നു. ഓണക്കാലത്തെ തിരക്കും മറ്റും പരിഗണിച്ചാണ് പ്രവർത്തനസമയം വൈകീട്ട്‌ ഏഴ് വരെ നീട്ടിയത്. ബെവ്‌ക്യൂ ആപ് വഴി മദ്യം ഓർഡർ ചെയ്യുന്നതിനുള്ള മൂന്ന് ദിവസത്തെ വ്യവസ്ഥ നീക്കി. ആപ് വഴി എല്ലാദിവസവും മദ്യം ഓർഡർ ചെയ്യാൻ ഇനിമുതൽ സാധിക്കും. ഒരു ഔട്ട്‌ലെറ്റിൽ 400 ടോക്കൺ എന്നതു 600 ആക്കി പുതുക്കി നിശ്ചയിച്ചു. കള്ള് ഷാപ്പുകൾക്ക് രാവിലെ എട്ട് മുതൽ വൈകീട്ട്‌ ഏഴ് വരെ പ്രവർത്തിക്കാനും അനുമതി. ബാറുകളുടെ സമയക്രമത്തിൽ മാറ്റമില്ല. ബാറുകളിൽ വൈകീട്ട്‌ അഞ്ച് വരെ മാത്രമായിരിക്കും മദ്യവിൽപ്പന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.