ആളൂർ: ഷെയറിട്ട് ലോട്ടറിയെടുത്തപ്പോൾ ഇത്ര വലിയ സമ്മാനം തങ്ങളെ തേടിയെത്തുമെന്ന് തൃശൂരിലെ ഈ വീട്ടമ്മമാർ പ്രതീക്ഷിച്ചുകാണില്ല. ഓണം ബംപർ നറുക്കെടുപ്പ് പൂർത്തിയായപ്പോൾ ഞെട്ടിയത് കൊടകര ആനത്തടത്തെ ആറ് വീട്ടമ്മമാർ.
അയൽക്കാരായ ആറ് വീട്ടമ്മമാർ ചേർന്ന് ഓണം ബംപറിന്റെ രണ്ട് ലോട്ടറി ടിക്കറ്റുകളാണ് എടുത്തത്. ഒരാൾ നൂറ് രൂപ വീതമാണ് ഷെയറിട്ടത്. ഇവർ എടുത്ത ടിക്കറ്റിലെ ഒരെണ്ണം ഓണം ബംപർ രണ്ടാം സമ്മാനമായ ഒരു കോടിക്ക് അർഹമായി.
ആനത്തടം സ്വദേശികളായ തൈവളപ്പില്‍ ദുര്‍ഗ, നമ്പുകുളങ്ങര വീട്ടില്‍ ഓമന, ചിറ്റാട്ടുകരക്കാരന്‍ വീട്ടില്‍ ട്രീസ, കണ്ടേങ്ങാട്ട് അനിത, തളിയക്കുന്നത്ത് വീട്ടില്‍ സിന്ധു, കളപ്പുരയ്‌ക്കൽ രതി എന്നിവർ ചേർന്നാണ് രണ്ട് ബംപർ ടിക്കറ്റുകൾ എടുത്തത്.
ഇവർ എടുത്ത ടിക്കറ്റുകളിൽ TD 764733 എന്ന നമ്പറുള്ള ടിക്കറ്റിനാണ് ഓണം ബംപർ രണ്ടാം സമ്മാനം. ഈ ആറ് പേരിൽ ഒരാളായ ഓമനയുടെ മകൻ ശ്രീജിത്ത് ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാരനാണ്. ശ്രീജിത്തിൽ നിന്നാണ് ആറ് പേരും ചേർന്ന് രണ്ട് ടിക്കറ്റുകൾ എടുത്തത്.
അതേസമയം, ഓണം ബംപർ ഒന്നാം സമ്മാനത്തിന് അർഹമായ നമ്പർ TB 173964 ആണ്. ഇടുക്കി സ്വദേശിയായ അനന്തു എന്ന ഇരുപത്തിനാലുകാരനെയാണ് ഇത്തവണ ലോട്ടറിയുടെ രൂപത്തിൽ ഭാഗ്യദേവത അനുഗ്രഹിച്ചത്. എല്ലാവരും ബംപർ അടിച്ച ഭാഗ്യവാനെ തപ്പി നടക്കുമ്പോൾ, തന്നെ ഭാഗ്യം കടാക്ഷിച്ച വിവരം അനന്തു അറിയുന്നത് വൈകിയാണ്. “ലോട്ടറി അടിക്കുമെന്ന പ്രതീക്ഷയില്ലാതിരുന്നതിനാൽ വൈകീട്ട് അഞ്ച് മണിക്കാണ് ഫലം പരിശോധിച്ചത്. ആദ്യമെനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല,” അനന്തു പറയുന്നു.
വളരെ ചെറിയ പ്രായത്തിൽ ഏറെ വലിയൊരു ഭാഗ്യമാണ് അനന്തുവിനെ തേടിയെത്തിയിരിക്കുന്നത്. നികുതിയും ഏജന്റ് കമ്മീഷനും കിഴിച്ച് 7 കോടി 56 ലക്ഷം രൂപയാണ് അനന്തുവിന് ലഭിക്കുക. കൊച്ചി കടവന്ത്ര എളംകുളം ക്ഷേത്രത്തിലെ ദേവസ്വം ജീവനക്കാരനാണ് അനന്തു.