തിരുവനന്തപുരം: ബിവറേജസ് കോർപറേഷൻ ജീവനക്കാർക്ക് ഓണത്തിന് 85,000 രൂപ ബോണസ് ലഭിക്കും. വൻതുക ബോണസ് നൽകരുതെന്ന ധനവകുപ്പിന്റെ നിർദേശം മുഖ്യമന്ത്രി പിണറായി വിജയൻ തളളി. നേരത്തെയെടുത്ത തീരുമാനം ഇത്തവണ മാറ്റേണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ അടുത്ത വർഷം മുതൽ ഡപ്യൂട്ടേഷൻകാർക്ക് ബോണസില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബെവ്കോ ജീവനക്കാർക്ക് ഓണത്തിനു വൻതുക ബോണസ് നൽകുന്നതിനെതിരെ ധനവകുപ്പ് രംഗത്തെത്തിയിരുന്നു. 85,000 രൂപ വരെ ബോണസ് നൽകുന്നതു ധനപരമായ നിരുത്തരവാദിത്തമാണെന്നും ഇതു നിയന്ത്രിക്കണമെന്നും അഭ്യർഥിച്ച് ധനമന്ത്രി തോമസ് ഐസക്, മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി. സർക്കാരിനു കീഴിലുള്ള സ്ഥാപനത്തിൽ ഇത്ര ഉയർന്ന ബോണസ് നൽകുന്നതിലുള്ള വിയോജിപ്പാണ് ധനവകുപ്പ് പ്രകടമാക്കിയത്.

ശമ്പളത്തിന്റെ രണ്ടുമടങ്ങിലേറെ തുകയാണ് ഇത്തവണ ബെവ്കോയിൽ മിക്ക ജീവനക്കാരുടെയും ബോണസ്. 19.25 ശതമാനം എക്സ്ഗ്രേഷ്യയും 10.25 ശതമാനം പെർഫോമൻസ് അലവൻസും ചേർത്ത് 29.50 ശതമാനം ബോണസാണ് ഇത്തവണ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ