scorecardresearch

ഈ ഓണവും മഴ കൊണ്ടുപോകുമോ?

കഴിഞ്ഞ നാല് വർഷമായി മഴയും പ്രകൃതി ദുരന്തങ്ങളും മഹമാരിയുമൊക്കെയായി മലയാളിയുടെ ഓണം വെള്ളത്തിലായിരിക്കുകയാണ്. ഈ വർഷവും ഓണമെത്തുമ്പോൾ മഴയുമെത്തുന്നു

ഈ ഓണവും മഴ കൊണ്ടുപോകുമോ?

അത്തം കറുത്താൽ ഓണം വെളുക്കും എന്നാണ് പഴഞ്ചൊല്ല്. ആ പഴഞ്ചൊല്ലിനെ പതിരാക്കി മാറ്റിയിരിക്കുകയാണ് കഴിഞ്ഞ കുറച്ചുകാലമായി. ഇത്തവണയും ഓണമെത്താൻ ഇനി ദിവസങ്ങൾ മാത്രം, അല്ല മണിക്കൂറുകൾ മാത്രം ബാക്കി. എന്നാൽ, ഓണം ഇത്തവണയും വെള്ളത്തിലാകുമോ എന്ന ആശങ്കയിലാണ് മലയാളികൾ.

2018 മുതൽ തുടർച്ചയായ വർഷങ്ങളിൽ മഴയും പ്രളയവും ഉരുൾപൊട്ടലും അതിന് പുറമെ കൂനിന് മുകളിൽ കുരു എന്ന പോലെ കോവിഡുമൊക്കെയായി ഓണക്കാലത്തെ ഏതാണ്ട് ഓട്ടക്കാലമാക്കിയ അവസ്ഥയാണ്.

നാല് വർഷത്തെ പ്രതിസന്ധികളൊക്കെ മറികടന്ന് കമ്പോളവും ജനങ്ങളും ഉഷാറായി ഓണത്തെ വരവേൽക്കാൻ തുടങ്ങുകയായിരുന്നു ഇത്തവണ. എന്നാൽ, കേരളത്തിന് മുകളിൽ ഡെമോക്ലീസിന്റെ വാളുപോലെ മഴമേഘങ്ങൾ മൂടിനിൽക്കുകകയാണോ എന്ന ആശങ്കയാണ് ഇപ്പോൾ.

കടലിൽ രൂപപ്പെട്ട ചക്രവാത ചുഴി വരും ദിവസങ്ങളിൽ കേരളത്തിൽ മഴയുണ്ടാക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. ലക്ഷദ്വീപിനും അറബിക്കടലിലെ തെക്ക് കിഴക്കൻ ഭാഗത്തുമായി ചക്രാവതച്ചുഴി നിൽക്കുന്നുവെന്നതാണ് വ്യാഴാഴ്ചവരെ മഴ തുടരുമെന്ന് പറയാൻ കാരണമെന്ന് കാലാവസ്ഥാ വകുപ്പ് വിശദീകരിക്കുന്നു.

onam, rain, iemalayalam

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഡോ. എസ് അഭിലാഷും ഓണക്കാലത്ത് മഴപെയ്യാനുള്ള സാധ്യത തന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്. നിലവിലത്തെ സാഹചര്യത്തിൽ ചൊവ്വാഴ്ചയും ബുധനാഴ്ചയും (ഉത്രാടത്തിനും) മഴ ശക്തമായി പെയ്തേക്കുമെന്നാണ് വിലയിരുത്തുന്നത്.

തിരുവോണത്തിന് (വ്യാഴം) മഴ പെയ്യുമെന്ന് തന്നെയാണ് കണക്കാക്കുന്നത്. ഉത്രാടത്തിന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് മഴ സാധ്യതയുടെ അടിസ്ഥാനത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടുമാണ്.

തിരുവോണ ദിവസം കോഴിക്കോട്, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Onam 2022 will rain hamper onam festivities

Best of Express