ആഘോഷങ്ങൾ കോവിഡ് കവര്‍ന്ന രണ്ടു വര്‍ഷത്തിനുശേഷം മലയാളിക്കിതു ഗൃഹാതുരതയുടെ അതിമനോഹരമായ പൊന്നോണക്കാലം. ഇല്ലായ്മകളും പ്രതിസന്ധികളും മറന്ന് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും തിരുവോണം ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് ആഘോഷിക്കുകയാണ്.
കോവിഡ് നിഴലില്‍ വീടകങ്ങളില്‍ ഒതുങ്ങിപ്പോയ ഓണക്കാലമായി കഴിഞ്ഞ രണ്ടു വര്‍ഷത്തേത്. എന്നാല്‍ ഇത്തവണ അങ്ങനെയായിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍-സ്വകാര്യ ഓഫിസുകളിലും മറ്റു പൊതു ഇടങ്ങളിലും പൂക്കള മത്സരങ്ങള്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ പഴയ പ്രതാപത്തിനേക്കാള്‍ ഒരുപടി മുകളിലായി. അതായത്, കഴിഞ്ഞ രണ്ടു വര്‍ഷം ആഘോഷിക്കാന്‍ കഴിയാത്തതിന്റെ സങ്കടം മലയാളികള്‍ ഇത്തവണ പലിശ സഹിതം തീര്‍ത്തു. ഇടവേളയ്ക്കുശേഷം നടക്കുന്ന സര്‍ക്കാര്‍ നേതൃത്വം നല്കുന്ന ഓണം വാരാഘോഷവും തിരിച്ചുവന്നു.
ഉത്രാപ്പാടച്ചില് ദിനമായ ഇന്നലെ പുത്തുനടുപ്പകളും പൂക്കളും സദ്യവട്ടമൊരുക്കാൻ പച്ചക്കറികളും വാങ്ങാനായി ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയതോടെ സംസ്ഥാന വലതും ചെറുതുമായ എല്ലാ നഗരങ്ങളിലും അങ്ങാടികളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തിരുവനന്തപുരം ചാല മാര്‍ക്കറ്റിലും എറണാകുളും ബ്രോഡ്വേയിലും കോഴിക്കോട് മിഠായിത്തെരുവിലുമെല്ലാം ജനമൊഴുകി. ഉത്സവ സീസണെന്നാല് ഓഫര്‍ കാലം കൂടിയായതിനാല്‍ സൂപ്പര്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും വന്‍തിരക്ക് അനുഭവപ്പെട്ടു.

തെരുവോര കച്ചവട കേന്ദ്രങ്ങളും സര്‍ക്കാരിന്റെ ഓണവിപണിയും സപ്ലൈകോ ഓണച്ചന്തകളും കുടുംബശ്രീ ഓണച്ചന്തകളും ഈ ഓണക്കാലത്ത് പതിവുപോലെ സജീവമായിരുന്നു. പക്ഷേ രണ്ടു ദിവസമായി തുടരുന്ന മഴ ഉത്രാപ്പാടച്ചിലിന് അല്‍പ്പം മങ്ങല്‍ വരുത്തിയെന്നതു പറയാതെ വയ്യ. സംസ്ഥാനത്ത് അഞ്ചുദിവസം തുടരുമെന്ന കാലാവസ്ഥ വകുപ്പിന്റെ പ്രവചനമുള്ളതിനാല്‍ ഇത്തവണത്തെ ഓണം മഴ കവരുമോയെന്ന ആശങ്ക പൊതുവെ നിലനില്‍ക്കുന്നുണ്ട്.
കോവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണക്കിറ്റ് ഇത്തവണയും മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും നല്‍കിയിരുന്നു. തുണി സഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങളുള്ള 87 ലക്ഷം കിറ്റുകളാണു വിതരണം ചെയ്തത്.
ഏറെക്കാലമായി അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്ള ആശ്രയിച്ചായിരുന്നു മലയാളികള്‍ പൂക്കളമൊരുക്കിയിരുന്നത്. ഇത്തവണയും തമിഴ്നാട്ടില്‍നിന്നുമുള്ള പൂക്കള്‍ക്കായിരുന്നു മുഖ്യസ്ഥാനമെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി തദ്ദേശഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം ചെണ്ടുമല്ലി കൃഷി വിജയകരമായി നടന്നതു മറ്റൊരു പ്രത്യേകതയായി.
ഓണവിപണി അടുത്തതോടെ സംസ്ഥാനത്ത് നേന്ത്രക്കായ വില ഉയര്‍ന്നിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ ക്ഷാമവും അനുഭവപ്പെട്ടു. പച്ചക്കറി വിപണിയില്‍ മുരിങ്ങായ, കാരറ്റ്, ബീന്‍സ് ഉള്‍പ്പെടെയുള്ള മിക്ക ഇനങ്ങളുടെയും വില കുതിച്ചുകയറി. മഴയും വിലക്കയറ്റത്തിനും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

വാമനന് പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ പ്രജാവത്സലനനായ മഹാബലിയെന്ന രാജാവ് തന്റെ ജനങ്ങളെ കാണാന്‍ എത്തുന്നുവെന്നാണ് ഓണക്കാലത്തെ കുറിച്ചുള്ള ഐതിഹ്യം. ഓണത്തെ കുറിച്ച് ഐതിഹ്യങ്ങള്‍ പലതുണ്ടെങ്കിലും കേരളത്തിന് ഓണമെന്നത് വിളവെടുപ്പിന്റെയും അവയുടെ വ്യാപാരത്തിന്റെയും ഉത്സവം കൂടിയാണ്. ‘കാണം വിറ്റും ഓണം ഉണ്ണണം’ എന്നാണ് ഓണത്തെക്കുറിച്ചുള്ള പഴഞ്ചൊല്ലുകളില്‍ ഒന്ന്. കാണം എന്നാല്‍ വസ്തു.
പുതുവസ്ത്രം ധരിച്ചും പൂക്കളമിട്ടും സദ്യയുണ്ടും നാളെ ഗംഭീരമായി ആഘോഷിക്കാന്‍ മലയാളികള്‍ ഒരുങ്ങിക്കഴിഞ്ഞു. അതുകഴിഞ്ഞാല്‍ പ്രതീക്ഷകളുടെ പൂവിളിക്കായും ആഘോഷങ്ങള്‍ക്കുമായി അടുത്ത ഓണക്കാലത്തിനുവേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങുകയായി.
ഓണാശംസ നേർന്ന് മുഖ്യമന്ത്രി
ലോകത്തെവിടെയുമുള്ള മലയാളിക്ക് ഐശ്വര്യപൂര്‍ണമായ ഓണമുഉണ്ടാവട്ടെയെന്ന് ഹൃദയപൂര്‍വ ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭേദചിന്തകള്‍ക്കതീതമായ മനുഷ്യമനസുകളുടെ ഒരുമ വിളംബരം ചെയ്യുന്ന സങ്കല്‍പ്പമാണ് ഓണത്തിന്റേത്. സമൃദ്ധിയുടെയും ഐശ്യത്തിന്റെയും സമാധാനത്തിന്റെയും സ്വപ്നങ്ങളുടെ സാക്ഷാത്കാരമായാണ് മലയാളി ഓണത്തെ കാണുന്നത്.
ഒരുവിധത്തിലുള്ള അസമത്വവും ഇല്ലാത്തതും മനുഷ്യരെല്ലാം തുല്യരായി പുലരേണ്ടതുമായ ഒരു കാലം ഉണ്ടായിരുന്നുവെന്ന് ഓണ സങ്കല്‍പ്പം നമ്മോടു പറയുന്നു. വരുംകാലത്ത് സമാനമായ ഒരു സാമൂഹ്യക്രമം സാധിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന ചിന്തയാണിത്. ആ നിലക്ക് ഓണത്തെ ഉള്‍ക്കൊള്ളാനും എല്ലാ വേര്‍തിരിവുകള്‍ക്കുമതീതമായി ഒരുമിക്കാനും നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.