scorecardresearch
Latest News

ഓണക്കിറ്റ് വിതരണം ആരംഭിച്ചു; അറിയാം വിവിധ വിഭാഗം കാര്‍ഡുടമകള്‍ക്ക് ലഭിക്കുന്ന ദിവസങ്ങള്‍

ജനങ്ങള്‍ക്കു പരമാവധി ആശ്വാസം നല്‍കുക, അതിനുള്ള ഇടപെടല്‍ നടത്തുക എന്നതില്‍ പ്രതിജ്ഞാബദ്ധമായ നിലപാടാണു കേരളം സ്വീകരിച്ചുവരുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

ഓണക്കിറ്റ് വിതരണം ആരംഭിച്ചു; അറിയാം വിവിധ വിഭാഗം കാര്‍ഡുടമകള്‍ക്ക് ലഭിക്കുന്ന ദിവസങ്ങള്‍

തിരുവനന്തപുരം: ജനങ്ങളുടെ മനസില്‍ എന്താണെന്ന് അറിയാവുന്ന സര്‍ക്കാരാണു കേരളത്തിലുള്ളതെന്നു മുഖ്യമന്ത്രി പിറണായി വിജയന്‍. ജനമനസുകളിലുള്ള ഓരോ കാര്യങ്ങളും സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ ജനങ്ങള്‍ക്കു വലിയ ആശ്വാസമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ചുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പൊതുവിതരണ സമ്പ്രദായങ്ങളില്‍നിന്നു സര്‍ക്കാരുകള്‍ പിന്‍വാങ്ങുന്ന കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്. അതോടൊപ്പം വലിയ തോതിലുള്ള അവസരം കോര്‍പറേറ്റുകള്‍ക്കു നല്‍കുകയാണ്. അത്തരം കാര്യങ്ങളെ എതിര്‍ക്കുക മാത്രമല്ല, അതിനെല്ലാം ബദല്‍ ഇവിടെയുണ്ടെന്നു പ്രാവര്‍ത്തികമാക്കി കാണിക്കുക കൂടിയാണു കേരളം ചെയ്യുന്നത്. ഇതിനെ പരിഹസിക്കുന്നവരുണ്ടാകും. അവര്‍ കാണാതെ പോകുന്ന, ജനമാകെ കാണുകയും അംഗീകരിക്കുകയും ചെയ്യുന്ന ചില വസ്തുതകളുണ്ട്.

മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വിലക്കയറ്റത്തിലൂടെയാണു രാജ്യം കടന്നുപോകുന്നത്. അത്തരമൊരു ഘട്ടത്തില്‍ ജനങ്ങള്‍ക്കു പരമാവധി ആശ്വാസം നല്‍കുക, അതിനുള്ള ഇടപെടല്‍ നടത്തുക എന്നതില്‍ പ്രതിജ്ഞാബദ്ധമായ നിലപാടാണു കേരളം സ്വീകരിച്ചുവരുന്നത്. അതില്‍ ഏറ്റവും പ്രധാനമാണ് എല്ലാവര്‍ക്കും ഭക്ഷ്യസുരക്ഷ ഏര്‍പ്പെടുത്തുകയെന്നത്. അതോടൊപ്പം ക്ഷേമപ്രവര്‍ത്തനങ്ങള്‍, വിപണിയിലുള്ള ഇടപെടലുകള്‍ എന്നിവ നടത്താന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷത്തില്‍ സംസ്ഥാനത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ മാത്രം ചെലവിട്ട തുക 9702 കോടി രൂപയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓണക്കിറ്റ് വിതരണം 23ന് ആരംഭിച്ചു. തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങള്‍ അടങ്ങുന്ന കിറ്റ് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ലഭിക്കും.

കിറ്റില്‍ എന്തൊക്കെ?

കശുവണ്ടിപ്പരിപ്പ്- 50 ഗ്രാം, മില്‍മ നെയ്യ്- 50 മി.ലി, ശബരി മുളക്പൊടി-100 ഗ്രാം, ശബരി മഞ്ഞള്‍ പൊടി- 100 ഗ്രാം, ഏലയ്ക്ക- 20 ഗ്രാം, ശബരി വെളിച്ചെണ്ണ- അര ലിറ്റര്‍, ശബരി ചായപ്പൊടി-100 ഗ്രാം, ശര്‍ക്കര വരട്ടി/ചിപ്സ്-100 ഗ്രാം, ഉണക്കലരി-500 ഗ്രാം, പഞ്ചസാര- ഒരു കിലോ, ചെറുപയര്‍-500 ഗ്രാം, തുവരപ്പരിപ്പ്-250 ഗ്രാം, പൊടിയുപ്പ്- ഒരു കിലോ, തുണി സഞ്ചി-ഒന്ന്.

വിതരണം ഈ ദിവസങ്ങളില്‍

എ എ വൈ (മഞ്ഞ) കാര്‍ഡുടമകള്‍ക്കുള്ള കിറ്റുകള്‍ ഓഗസ്റ്റ് 23, 24 എന്നീ ദിവസങ്ങളില്‍ വിതരണം ചെയ്യും.

25, 26, 27 തീയതികളില്‍ പി എച്ച് എച്ച് (പിങ്ക്) കാര്‍ഡുടമകള്‍ക്കും 29, 30, 31 തീയതികളില്‍ എന്‍ പി എസ് (നീല) കാര്‍ഡുടമകള്‍ക്കും സെപ്റ്റംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ എന്‍ പി എന്‍ എസ് (വെള്ള) കാര്‍ഡുടമകള്‍ക്കും കിറ്റുകള്‍ നല്‍കും.

നിശ്ചയിക്കപ്പെട്ട തീയതികളില്‍ കിറ്റ് വാങ്ങാന്‍ കഴിയാത്ത എല്ലാ കാര്‍ഡുടകള്‍ക്കും സെപ്റ്റംബര്‍ നാല്, അഞ്ച്, ആറ്, ഏഴ് തീയതികളില്‍ ലഭിക്കും. ഞായറാഴ്ചയായ നാലിനു റേഷന്‍ കടകള്‍ക്കു പ്രവൃത്തി ദിവസമാണ്. ഏഴിനു ശേഷം കിറ്റ് വിതരണം ഉണ്ടാകില്ല.

Onam 2022, onam kit , iemalayalam

ആദിവാസി ഊരുകളില്‍ വാതില്‍പ്പടി വിതരണം

119 ആദിവാസി ഊരുകളില്‍ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വാതില്‍പ്പടിയായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം നടത്തും. കാര്‍ഡുടമകള്‍ അവരവരുടെ റേഷന്‍ കടകളില്‍ നിന്നുതന്നെ കിറ്റുകള്‍ കൈപ്പറ്റാന്‍ ശ്രദ്ധിക്കണം. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പോര്‍ട്ടബിലിറ്റി സംവിധാനം കിറ്റുകള്‍ കൈപ്പറ്റുന്ന കാര്യത്തില്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.

ക്ഷേമസ്ഥാപനങ്ങളില്‍ നാലു പേര്‍ക്ക് ഒന്ന് എന്ന കണക്കില്‍ കിറ്റ് വാതില്‍പ്പടിയായി വിതരണം ചെയ്യും. 890 ക്ഷേമസ്ഥാപനങ്ങളിലെ 37,634 പേര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.

വിതരണം ചെയ്യുന്നത് 87 ലക്ഷം കിറ്റുകള്‍

ഇത്തവണ 87 ലക്ഷം ഭക്ഷ്യക്കിറ്റുകളുടെ വിതരണം നടക്കുമെന്നാണ് പ്രതീക്ഷ. സപ്ലൈകോയുടെ 56 ഡിപ്പോകള്‍ കേന്ദ്രീകരിച്ച് 1400-ല്‍ പരം സെന്ററുകളിലാണു പാക്കിങ് നടന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Onam 2022 free food kit distribution from august 23 all you want know