scorecardresearch

പ്രായത്തെ മറികടന്ന് പഠനം; എൺപത്തിയെട്ടാം വയസ്സിൽ സാക്ഷരതാ പരീക്ഷ പാസായി ആദിവാസി മുത്തശ്ശി

ഗോത്രഭാഷകളുടെ സൗന്ദര്യത്തിലും തികവിലുമുളള അവരുടെ പ്രാവീണ്യത്തിനൊപ്പമാണ് മലയാളവും കണക്കുമെല്ലാം അവർ പഠിച്ചെടുത്തത്.

attapadi literacy exam, 88 year old tribal woman, won literacy exam

പാലക്കാട് : പ്രായത്തിന്റെ അവശതകളെ അക്ഷരം ചേർത്ത് പിടിച്ച് മുത്തശ്ശി. സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കം നിൽക്കുന്ന നക്കുപ്പതി ഊരിൽ നിന്നാണ് എൺപ്പത്തിയെട്ടുകാരിയായ പാപ്പ അക്ഷര ലോകത്തേയ്ക്ക് എത്തിയത്. പാപ്പ മുത്തശ്ശിയുടെ  കൈ പിടിച്ച് സാക്ഷരതാക്ലാസിലെത്തിയ രണ്ട് മക്കളും ഈ ​പരീക്ഷ വിജയിച്ചു.

ഗോത്രഭാഷകളുടെ സൗന്ദര്യത്തിലും തികവിലുമുളള അവരുടെ പ്രാവീണ്യത്തിനൊപ്പമാണ് മലയാളവും കണക്കുമെല്ലാം എഴുതാനും വായിക്കാനും  അവർ പഠിച്ചെടുത്തത്. പ്രായത്തിനെ മറികടന്ന് പഠന മികവാണ് പാപ്പ പ്രകടിപ്പിച്ചതെന്ന് അട്ടപ്പാടിയിലെ ആദിവാസി സാക്ഷരതാ പദ്ധതി സ്പെഷ്യൽ കോ ഓർഡിനേറ്റർ മുഹമ്മദ് ബഷീർ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.  പാപ്പയക്ക് ഒപ്പം രണ്ട് മക്കളും സാക്ഷരാത പഠനക്ലാസിൽ എത്തിയിരുന്നു. മൂവരും പരീക്ഷ എഴുതുകയും വിജയിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

നിരവധി സ്ത്രീകൾ സാക്ഷരതാ ക്ലാസുകളിൽ അട്ടപ്പാടി മേഖലയിൽ വരുന്നുണ്ട്. 30 നും 50 നും ഇടയിൽ പ്രായമുളളവരാണ് ഈ ക്ളാസുകളിൽ പങ്കെടുക്കുന്നതിൽ 60 ശതമാനം. സാക്ഷരതാ പദ്ധതിയിൽ പങ്കെടുക്കാൻ വരുന്നവരിൽ നാൽപത് ശതമാനത്തോളം പേരും അമ്പത് വയസ്സിന് മേൽ പ്രായമുളളവരാണ്. നക്കുപ്പതി കമ്മ്യൂണിറ്റി ഹാളില്‍ പാപ്പ (88)യാണ് പരീക്ഷയെഴുതി വിജയിച്ചവരിൽ ഏറ്റവും പ്രായം കൂടിയത്. ചെല്ല എന്ന തൊണ്ണൂറ്റിരണ്ട് വയസ്സുകാരി സാക്ഷരതാ ക്ലാസിൽ എത്തുമായിരുന്നു വളരെ ആവേശത്തോടെയാണ് അവരും ക്ലാസിലെത്തിയിരുന്നത് എന്ന് ബഷീർ ഓർമ്മിക്കുന്നു.

ജോലിയെല്ലാം കഴിഞ്ഞ് വൈകുന്നേരമാകുമ്പോൾ എല്ലാവരും പഠനക്ലാസുകൾക്കായി എത്തും വളരെ ആവേശകരമായാണ് സാക്ഷരാത ക്ലാസിനോട് ആദിവാസിമേഖലയി നിന്നുളള പ്രതികരണമെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

നക്കുപ്പതി ഊരിലെ സാക്ഷരതാ പഠനക്ലാസ് തുടങ്ങുമ്പോൾ പാപ്പയും ഭർത്താവ് ചിന്നനും എത്തിയിരുന്നു. എന്നാൽ 93 വയസ്സായ ചിന്നന് പ്രായധിക്യം കാരണം തുടർച്ചയായി ക്ലാസിൽ വരാൻ സാധിച്ചില്ലെന്ന് ഇവിടുത്തെ ഇൻസ്ട്രകറ്റർമാരായ ഗായത്രിയും സെൽവിയും പറയുന്നു. ചിന്നൻ​-പാപ്പ ദമ്പതികൾക്ക് അഞ്ച് മക്കളും പേരമക്കളുമാണ് ഉളളത്. മക്കൾ ഔദ്യോഗിക  വിദ്യാഭാസം നേടിയിട്ടില്ല. പേരമക്കൾ സ്കൂളിൽ പഠിക്കുന്നുണ്ട്. അമ്മയ്ക്കൊപ്പം സാക്ഷരതാ ക്ലാസിൽ എത്തിയ ജയയും ഗീതയും അമ്മയ്ക്കൊപ്പം പരീക്ഷ എഴുതി ജയിക്കുകയും  ചെയ്തു.  നക്കുപ്പതി ഊരിൽ 62 പഠിതാക്കളും രണ്ട് ഇൻസ്ട്രക്റ്റർമാരുമാണ് ഉളളതെന്ന് ബഷീർ പറഞ്ഞു.

സംസ്ഥാന സാക്ഷരതാമിഷന്‍ അട്ടപ്പാടിയില്‍ നടത്തിവരുന്ന പ്രത്യേക സാക്ഷരത- തുല്യതാ പദ്ധതിയിൽ പരീക്ഷ എഴുതിയ 2624 പേരിൽ 2,553 പേര്‍ വിജയിച്ചു (97%). ഇതില്‍ 1975 പേര്‍ സ്ത്രീകളാണ്. അട്ടപ്പാടി ബ്ലോക്കിലെ മൊത്തം മൂന്ന് ഗ്രാമപഞ്ചായത്തുകളായ അഗളി, ഷോളയൂര്‍,പുത്തൂര്‍ എന്നിവിടങ്ങളിലെ 138 കേന്ദ്രങ്ങളിലായിരുന്നു സാക്ഷരത പരീക്ഷ നടത്തിയത്. ഇതില്‍ പുതൂര്‍ ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചത് 1269. അഗളിയില്‍ 830 പേരും ഷോളയൂരില്‍ 454 പേരും വിജയിച്ചു. മൂന്നു ഗ്രാമപഞ്ചായത്തുകളിലെ മൊത്തം 129 ഊരുകളിലായി കഴിഞ്ഞ ഡിസംബറിലായിരുന്നു സാക്ഷരത ക്ലാസ് ആരംഭിച്ചത്.

സാക്ഷരതാമിഷന്‍ പുതുതായി തയ്യാറാക്കിയ സാക്ഷരതാ പാഠാവലിയിലായിരുന്നു സാക്ഷരതാപരീക്ഷ നടത്തിയത്. വായന, എഴുത്ത്, കണക്ക് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളെ ആസ്പദമാക്കി മൊത്തം 100 മാര്‍ക്കിനായിരുന്നു സാക്ഷരതാ പരീക്ഷ. 30 മാര്‍ക്കാണ് വിജയിക്കാന്‍ വേണ്ടത്. വായനയ്ക്ക് 30 മാര്‍ക്കില്‍ ഒമ്പത്, എഴുത്തിന് 40 മാര്‍ക്കില്‍ 12, കണക്കിന് 30 മാര്‍ക്കില്‍ 9 എന്നിങ്ങനെയാണ് പാസ് മാര്‍ക്ക്. ആദ്യഘട്ടത്തില്‍ 1117 പേര്‍ സാക്ഷരതാ പരീക്ഷ വിജയിച്ചിരുന്നു. ഇതില്‍ 783 പേര്‍ നാലാംതരം തുല്യത പഠിച്ചുവരുന്നു. 43 ഊരുകളിലായാണ് നാലാംതരം തുല്യതക്ലാസ് നടന്നുവരുന്നത്.

സാക്ഷരതയ്ക്ക് നൂറു മണിക്കൂറും നാലാംതരത്തിന് 6 മാസവുമാണ് ക്ലാസ്. അട്ടപ്പാടിയില്‍ നടപ്പിലാക്കിവരുന്ന പ്രത്യേക സാക്ഷരതാപരിപാടിയുടെ ഭാഗമായി മൊത്തം 275 ഇന്‍സ്ട്രക്ടര്‍മാരെയാണ് നിയോഗിച്ചത്. ഇതില്‍ 218 ഇന്‍സ്ട്രക്ടര്‍മാര്‍ ആദിവാസി സമൂഹത്തിൽ നിന്നാണ്. വ്യത്യസ്ത ഗോത്രഭാഷകള്‍ സംസാരിക്കുന്ന ആദിവാസികള്‍ക്കിടയില്‍ നിന്നു തന്നെ ഇന്‍സ്ട്രക്ടര്‍മാരെ നിയോഗിച്ചതാണ് പദ്ധതിയെ ഫലപ്രദമാക്കുന്നത്. ഇന്‍സ്ട്രക്ടര്‍മാരില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നും സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: On literacy path 88 year old tribal woman clears exam in attapady