ന്യൂഡൽഹി: പാതയോരത്തെ മദ്യശാലകളും ബാറുകളും അടച്ചുപൂട്ടിയ സുപ്രീം കോടതി ഉത്തരവ് മറികടക്കാൻ രാഷ്ട്രപതിയുടെ റഫറൻസ് പരിഗണിക്കാൻ കേന്ദ്രം ഒരുങ്ങുന്നു. സംസ്ഥാനങ്ങൾ ഈ ആവശ്യം മുന്നോട്ട് വച്ചാൽ ഭരണഘടനയുടെ 143ാം അനുച്ഛേദ പ്രകാരം നടപടിക്കൊരുങ്ങുന്നു. ഇക്കാര്യം ദി ഇന്ത്യൻ എക്‌സ്‌പ്രസാണ് പുറത്തുവിട്ടത്.

ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾ രാഷ്ട്രപതിയുടെ റഫറൻസ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകേണ്ടതുണ്ട്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളുടെയും നികുതി വരുമാനത്തിലുണ്ടായ ഗണ്യമായ കുറവ് കേന്ദ്ര സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് അറിവായിട്ടുണ്ട്.

രാജ്യത്തെ വിനോദസഞ്ചാരത്തെയും വിധി പ്രതികൂലമായി ബാധിക്കും എന്നതിനാലാണ് സുപ്രീം കോടതി വിധിയ്ക്കെതിരെ രാഷ്ട്രപതിയുടെ റഫറൻസിനായി ഒരുങ്ങുന്നത്. അതേസമയം രാജ്യത്തെ ബാർ ഹോട്ടൽ ഉടമകൾ സമർപ്പിച്ച റിവ്യു ഹർജിയെ കേന്ദ്രം എതിർക്കില്ലെന്നും വിവരമുണ്ട്.

“രാഷ്ട്രപതിയുടെ ഇടപെടൽ തേടാനുള്ള വഴിയെ ഞങ്ങൾ എതിർക്കുന്നില്ല. ഈ നിലപാടിനോട് ഞങ്ങളും യോജിക്കുന്നുണ്ട്. വിധി മദ്യവിൽപ്പനയെ മാത്രമല്ല അനുബന്ധ തൊഴിൽ മേഖലകളെയും വിനോദസഞ്ചാര മേഖലയെയും പ്രതികൂലമായി ബാധിക്കും. പക്ഷെ സംസ്ഥാനങ്ങൾ ആവശ്യപ്പെടാതെ ഇത്തരമൊരു നിലപാടിലേക്ക് ഞങ്ങൾ പോകില്ല” വാർത്ത സ്രോതസ്സിൽ നിന്ന് വിവരം ലഭിച്ചു.

കേന്ദ്ര വിനോദസഞ്ചാര വകുപ്പിലെ മുതിർന്ന മറ്റൊരു ഉദ്യോഗസ്ഥനും ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചു. “വിഷയത്തിൽ ഹോട്ടലുടമകൾ റിവ്യൂ ഹർജിയുമായി മുന്നോട്ട് പോയാൽ ഇതിനെ അനുകൂലിച്ചുള്ള നിലപാടാകും വകുപ്പ് കൈക്കൊള്ളുക.” അദ്ദേഹം പറഞ്ഞു. അതേസമയം ചീഫ് ജസ്റ്റിസ് ജെ.എസ്.കഹാർ അദ്ധ്യക്ഷനായ സമിതിയുടെ പരിഗണനയിൽ മദ്യശാല വിഷയം വന്നപ്പോൾ സർക്കാർ സമിതി ഹോട്ടലുടമകളുടെയും സംസ്ഥാനങ്ങളുടെയും വാദത്തെ എതിർത്തിരുന്നു.

ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനത്തിലെ അഡ്വക്കേറ്റ് ജനറലും കോൺഗ്രസ് ഭരിക്കുന്ന കർണാടകയുടെ അഡ്വക്കേറ്റ് ജനറലും ഇക്കാര്യത്തിൽ രാഷ്ട്രപതിയുടെ റഫറൻസിനായി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്.

 

 

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ