scorecardresearch
Latest News

ഒമിക്രോണ്‍: സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ രാത്രികാല നിയന്ത്രണം; ആള്‍കൂട്ടം അനുവദിക്കില്ല

രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ നിയന്ത്രണങ്ങള്‍ തുടരും

covid 19, coronavirus, covid 19 india, coronavirus india, covid 19 second wave, coronavirus second wave, lockdown, delhi lockdown, rajasthan lockdown, delhi lockdown date, delhi lockdown rules, rajasthan lockdown date, rajasthan lockdown rules, lockdown news, corona cases in india, coronavirus news, covid 19 latest news, maharashtra covid 19 cases,coronavirus latest news, ie malayalam
എറണാകുളം എം ജി റോഡ് ജംഗ്ഷനിലെ വാഹന പരിശോധന

തിരുവനന്തപുരം: ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തി. വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയാണ് നിയന്ത്രണം. രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ നിയന്ത്രണങ്ങള്‍ തുടരും. കടകളെല്ലാം 10 മണിക്ക് അടയ്ക്കണമെന്നും നിര്‍ദേശമുണ്ട്. ആള്‍കൂട്ടവും അനാവശ്യ യാത്രകള്‍ക്കും വിലക്കുണ്ട്.

പുതുവത്സരാഘോഷങ്ങൾ ഡിസംബർ 31 ന് രാത്രി 10 ന് ശേഷം അനുവദിക്കുന്നതല്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരുന്നതാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിങ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കലക്ടർമാർ മതിയായ അളവിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും. കൂടുതൽ പൊലീസിനെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി വിന്യസിക്കും.

കോവിഡ് വ്യാപനം പടരുന്ന സ്‌ഥലങ്ങളിൽ ക്ലസ്റ്റർ രൂപപ്പെടുന്നുണ്ടോയെന്ന് കൃത്യമായി പരിശോധിക്കേണ്ടതും ഇത്തരം പ്രദേശങ്ങൾ കണ്ടെയ്‌ൻമെൻറ് പ്രദേശങ്ങളായി പരിഗണിച്ച് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തേണ്ടതുമാണ്. ഒമിക്രോൺ ഇൻഡോർ സ്‌ഥലങ്ങളിൽ വേഗം പടരാനുള്ള സാധ്യത കണക്കിലെടുത്തു ഇൻഡോർ വേദികളിൽ ആവശ്യത്തിന് വായു സഞ്ചാരം സംഘാടകർ ഉറപ്പുവരുത്തണം.

കേന്ദ്രസർക്കാർ കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകാമെന്നും, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും, 60 വയസ്സിന് മുകളിലുള്ള രോഗാതുരരായവർക്കും ബൂസ്റ്റർ ഡോസ് നൽകാമെന്നും തീരുമാനിച്ച സാഹചര്യത്തിൽ കേരളത്തിലെ അർഹരായവർക്ക് ജനുവരി മൂന്ന് മുതൽ വാക്സിൻ നൽകാനുള്ള നടപടി ആരോഗ്യവകുപ്പ് സ്വീകരിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ആയുർവേദ/ ഹോമിയോ മരുന്നുകൾ പൊതുജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യാൻ ആരോഗ്യവകുപ്പ് നടപടി എടുക്കേണ്ടതാണ്. എസ് എസ് എൽ സി, പ്ലസ്ടുപരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി വിദ്യാഭ്യാസ മന്ത്രി, ചീഫ് സെക്രട്ടറി ബന്ധപ്പെട്ട സെക്രട്ടറിമാർ എന്നിവരുടെ യോഗം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടത്താൻ തീരുമാനിച്ചു.

സംസ്‌ഥാനത്ത് ആകെ 57 ഒമിക്രോൺ ബാധിതരാണ് ഉള്ളത്. ഒമിക്രോൺ വൈറസ് ബാധ തടയുന്നതിനായുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടപ്പിലാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഡെൽറ്റ വൈറസിനേക്കാൾ മൂന്നു മുതൽ അഞ്ച് ഇരട്ടി വരെ വ്യാപന ശേഷിയുണ്ടെന്നതിനാൽ ഒമിക്രോൺ വൈറസ് വ്യാപനം കോവിഡ് ബാധിതരുടെ എണ്ണം വർധിപ്പിക്കാനുള്ള സാധ്യതയുണ്ട്. ഇത്തരം സാഹചര്യം നേരിടാനായുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നുണ്ട്.

കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായാൽ ആവശ്യമായി വരുന്ന മരുന്നുകൾ, ബെഡ്ഡുകൾ, സിറിഞ്ചുകൾ ഉൾപ്പെടെയുള്ളവയെല്ലാം കൂടുതലായി ശേഖരിക്കുന്നുണ്ട്. മൂന്നാം തരംഗത്തെ നേരിടാനുള്ള എല്ലാ നടപടികളും സ്വീകരിച്ചു വരുന്നുണ്ട്. ഒമിക്രോൺ രോഗികളുടെ എണ്ണം കൂടുതലുള്ള തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ കൂടുതൽ ജനിതക സീക്വൻസിങ്ങ് നടപ്പിലാക്കാൻ ജില്ലാ കളക്ടർമാരോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ജനുവരി അവസാനത്തോടെ കോവിഡ് ബാധിതരുടെ എണ്ണം കൂടാനുള്ള സാധ്യത പരിഗണിച്ചു ഓക്സിജൻ ഉത്പ്പാദനശേഷിയുള്ള ആശുപത്രികളെല്ലാം ഓക്സിജൻ ഉത്പ്പാദനവും, സംഭരണവും വർദ്ധിപ്പിക്കുന്നുവെന്ന് ജില്ലാ കളക്ടർമാർ ഉറപ്പു വരുത്തേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: സംസ്ഥാനത്ത് 1,636 പേര്‍ക്ക് കോവിഡ്; ചികിത്സയില്‍ കഴിയുന്നവര്‍ കുറയുന്നു

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Omicron night curfew imposed in kerala for three days

Best of Express