തിരുവനന്തപുരം: സംസ്ഥാനത്ത് നാലുപേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നാലുപേരും തിരുവനന്തപുരം ജില്ലക്കാരാണ്.
കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നടത്തിയ ജനിതക പരിശോധനയിലാണ് ഇവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിതര്‍ പതിനഞ്ചായി.
തിരുവനന്തപുരത്ത് കഴിഞ്ഞദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ച പതിനേഴുകാരനോടൊപ്പം യുകെയില്‍നിന്ന് എത്തിയ മാതാവ് (41), പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള അമ്മൂമ്മ (67), യുകെയില്‍നിന്ന് എത്തിയ യുവതി (27), നൈജീരിയയില്‍നിന്ന് എത്തിയ യുവാവ് (32) എന്നിവര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇരുപത്തിയേഴുകാരി വിമാനത്തിലെ സമ്പര്‍ക്കപ്പട്ടികയിലുള്ളയാളാണ്.
യുവതി 12നാണു യുകെയില്‍നിന്നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് ക്വാറന്റൈനിലായ ഇവരെ 16നു പരിശോധിച്ചപ്പോഴാണ് കോവിഡ് പോസിറ്റീവായത്. മുപ്പത്തിരണ്ടുകാരന്‍ 17ന് നൈജീരിയയില്‍നിന്ന് എത്തിയതാണ്. വിമാനത്താവളത്തിലെ പരിശോധനയില്‍ കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
അതിനിടെ, രാജ്യത്തെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 171 ആയി ഉയര്‍ന്നു. മഹാരാഷ്ട്ര (54), ഡല്‍ഹി (28), രാജസ്ഥാന്‍ (17), തെലങ്കാന (20), കര്‍ണാടക (19), ഗുജറാത്ത് (11), പശ്ചിമ ബംഗാള്‍ (നാല്). ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ചണ്ഡിഗഡ്, തമിഴ്‌നാട് (ഒന്നു വീതം) എന്നിങ്ങനെയാണു മറ്റു സംസ്ഥാനങ്ങളിലെ കേസുകളുടെ എണ്ണം.
കര്‍ണാടകയില്‍ അഞ്ചും ഡല്‍ഹിയില്‍ ആറും കേസുകളാണു പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് പോസിറ്റീവാകുന്ന എല്ലാ സാംപിളുകളും ജനിതക പരിശോധനയ്ക്കു വിധേയമാക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചു.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 6,563 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 132 മരണങ്ങളും സ്ഥിരീകരിച്ചു. 8,077 പേര്‍ രോഗമുക്തരായി. 82,267 നിലവിലെ സജീവ കേസുകളുടെ എണ്ണം.
Also Read: ഷാന്‍ വധം: രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍