തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. യുകെയിൽ നിന്നും കൊച്ചിയിൽ എത്തിയ എറണാകുളം സ്വദേശിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണ്.
ഈ മാസം ആറാം തീയതിയാണ് യുകെയിൽ നിന്നും അബുദാബി വഴി ഇദ്ദേഹം കൊച്ചിയിൽ എത്തിയത്. അന്ന് വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന്റെയും ഭാര്യയുടെയും ഫലം നെഗറ്റീവായിരുന്നു. എന്നാൽ പിന്നീട് രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനാൽ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
തുടർന്ന് സാമ്പിൾ ജനിതക പരിശോധനയ്ക്ക് അയച്ചിരുന്നു. അതിലാണ് ഒമിക്രോൺ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. എത്തിഹാത്ത് ഇ.വൈ. 280 വിമാനത്തിലാണ് ഇദ്ദേഹം കൊച്ചിയിലെത്തിയത്. ഇതിൽ ആകെ 149 യാത്രക്കാരുണ്ടായിരുന്നു. അതിൽ രോഗ ബാധിതനായ വ്യക്തിയുടെ അടുത്തിരുന്ന് യാത്ര ചെയ്ത 26 മുതൽ 32 വരെ സീറ്റുകളിൽ ഉണ്ടായിരുന്നവരെ ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരെ ഇന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
Also Read: സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചു; യുകെയിൽ നിന്നെത്തിയ യാത്രികൻ ഐസൊലേഷനിൽ
ഒമിക്രോൺ ബാധിതനെ ഐസൊലേഷനിലേക്ക് മാറ്റിയതായും സ്ഥിതി ഗുരുതരമല്ലെന്നും ആരോഗ്യമന്ത്രി വീണ ജോർജ് ഇന്നലെ അറിയിച്ചു. മാതാവും ഭാര്യയുമായാണ് പ്രാദേശികമായി ഇയാൾ സമ്പർക്കത്തിലുണ്ടായിരുന്നത്. അവർ രണ്ടുപേരും പോസിറ്റീവ് ആയിട്ടുണ്ട്. ഇവരെയും ഐസൊലേഷനിലേക്ക് മാറ്റിയതായി മന്ത്രി അറിയിച്ചു.