തിരുവനന്തപുരം: സംസ്ഥാനത്തെ രാത്രികാല നിയന്ത്രണങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുതുക്കി. രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ മത, സാമൂഹിക, രാഷ്ട്രീയ കൂടിച്ചേരലുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യയാത്രകള്‍ക്ക് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം കൈയില്‍ കരുതണം. ശബരിമല, ശിവഗിരി തീര്‍ത്ഥാടനവും തീര്‍ത്ഥാടകരേയും രാത്രികാല നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി. തിരുവനന്തപുരം, പത്തനംതിട്ട ജില്ലാ കലക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് തീരുമാനം.
ദേവാലയങ്ങള്‍ക്ക് പുറമെ ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയ ഇടങ്ങളിലും രാത്രി 10 ന് ശേഷം ആള്‍ക്കൂട്ടം അനുവദിക്കില്ല. കടകളെല്ലാം 10 മണിയ്ക്ക് അടയ്ക്കണമെന്നും നിര്‍ദേശമുണ്ട്. ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നാളെ മുതല്‍ ജനുവരി രണ്ട് വരെ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിങ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കലക്ടർമാർ മതിയായ അളവിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും. കൂടുതൽ പൊലീസിനെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി വിന്യസിക്കും.
അതേസമയം സംസ്ഥാനത്ത് ഇന്ന് 2846 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 526, തിരുവനന്തപുരം 507, കോഴിക്കോട് 348, കോട്ടയം 332, തൃശൂര്‍ 185, പത്തനംതിട്ട 179, കൊല്ലം 141, കണ്ണൂര്‍ 136, ആലപ്പുഴ 128, ഇടുക്കി 100, മലപ്പുറം 91, വയനാട് 69, കാസര്‍ഗോഡ് 53, പാലക്കാട് 51 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Also Read: സംസ്ഥാനത്ത് 2,846 പേര്‍ക്ക് കോവിഡ്; 12 മരണം