തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികള്‍ എന്നിവയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറച്ചു. അടച്ചിട്ട മുറികളില്‍ 75, തുറസായ സ്ഥലങ്ങളില്‍ 150 എന്നിങ്ങനെയാണ് ആളുകകളുടെ എണ്ണം പരിമിതപ്പെടുത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണു തീരുമാനം. ഓണ്‍ലൈനായാണ് യോഗം നടന്നത്.
ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് പുതുവത്സരാഘോഷ വേളയിൽ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണങ്ങള്‍ കഴിഞ്ഞദിവസം പിന്‍വലിച്ചിരുന്നു. ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടു വരെ രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയായിരുന്നു കര്‍ഫ്യു. ഇതിനു പിന്നാലെയാണു പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
എല്ലാ രാജ്യങ്ങളില്‍നിന്നും വരുന്ന രോഗലക്ഷണങ്ങളുള്ളവരുടെ പരിശോധന വിമാനത്താവളങ്ങളില്‍ ശക്തമാക്കാൻ അവലോകന യോഗത്തിൽ തീരുമാനമായി. ഇതുവരെ കോവിഡ് മരണധനസഹായത്തിന് അപേക്ഷിക്കാത്തവര്‍ ഉടന്‍ അപേക്ഷിക്കണം. ലഭിച്ച അപേക്ഷകളില്‍ നടപടി താമസിപ്പിക്കരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.
ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ വീടുകളില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നവര്‍ക്കുള്ള ചികിത്സാ പ്രോട്ടോക്കോള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കും.
സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകളില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. നിലവില്‍ 181 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 29 പേര്‍ക്കു രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം-10, ആലപ്പുഴ-ഏഴ്, തൃശൂര്‍-ആറ്, മലപ്പുറം-ആറ് എന്നിങ്ങനെയാണു രോഗം സ്ഥിരീകരിച്ചത്.
Also Read: കോവിഡ് കേസുകള്‍ കൂടുന്നു; വാരാന്ത്യ കര്‍ഫ്യു ഏര്‍പ്പെടുത്തി ഡല്‍ഹി
ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 19,359 പേരാണു സംസ്ഥാനത്തെ കോവിഡ് ബാധിതര്‍. ഇവരില്‍ 10.4 ശതമാനം പേര്‍ മാത്രമാണ് ആശുപത്രി അല്ലെങ്കില്‍ ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇന്നലെ 2560 പേര്‍ക്കു രോഗം സ്ഥിരീകരിച്ചപ്പോള്‍ 2150 പേര്‍ രോഗമുക്തി നേടി.
80 ശതമാനം പേര്‍ക്കു രണ്ടാം ഡോസ് വാക്സിന്‍ നല്‍കിയിട്ടുണ്ട്. 15.43 ലക്ഷം കുട്ടികളാണ് വാക്സിന്‍ ലഭിക്കാന്‍ അര്‍ഹരായവര്‍. ഇതില്‍ രണ്ടു ശതമാനത്തിു വാക്സിന്‍ നല്‍കി. നിലവില്‍ വാക്സിന്‍ സ്റ്റോക്ക് പര്യാപ്തമാണ്.
കുട്ടികളുടെ വാക്‌സിനേഷനായി സംസ്ഥാനത്ത് 551 കേന്ദ്രങ്ങളാണു സജ്ജമാക്കിയിരിക്കുന്നത്. മുതിര്‍ന്നവര്‍ക്കായി 875 വാക്സിനേഷന്‍ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. ആകെ 1426 കേന്ദ്രങ്ങളാണുള്ളത്. കുട്ടികളുടെ വാക്സിനേഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.