തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബി.1.1.529 നിരവധി രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്ന വിദേശരാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് യാത്ര തിരിക്കുന്നവര്‍ 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എയര്‍സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം.
വിദേശത്ത് നിന്ന് എത്തിയതിന് ശേഷം സംസ്ഥാനത്തെ എയര്‍പോര്‍ട്ടില്‍ വച്ച് വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. തുടര്‍ന്ന് ഏഴ് ദിവസം നിര്‍ബന്ധിമായും ക്വാറന്റൈനില്‍ കഴിയണം. ക്വാറന്റൈന്‍ പൂര്‍ത്തിയായതിന് ശേഷം വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവാണെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.
എയര്‍പോര്‍ട്ടുകളില്‍ പരിശോധന വര്‍ധിപ്പിക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിക്കുന്നത്. ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ സംശയമുള്ളവരുടേയും പരിശോധനയില്‍ പോസിറ്റീവ് ആയവരുടേയും സാമ്പിളുകള്‍ ജനിതക വകഭേദം വന്ന വൈറസിന്റെ പരിശോധനയ്ക്കായി അയക്കുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ, ഇസ്രയേല്‍, ഹോങ്കോങ്, ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ബ്രസീല്‍, ബംഗ്ലാദേശ്, ചൈന, മോറീഷ്യസ്, ന്യൂസിലന്‍ഡ്, സിംബാവെ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് എത്തുന്നവരില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. പുതിയ വകഭേദം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടകയും
ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കാനൊരുങ്ങുകയാണ് കര്‍ണാടക സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്ന വിദേശരാജ്യങ്ങളില്‍ നിന്ന് കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ എത്തിയവര്‍ക്കും ഇനി വരാന്‍ പോകുന്നവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന കര്‍ശനമായും നടത്തും.
“കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ (നവംബർ 12 മുതൽ) ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നെത്തിയ എല്ലാ യാത്രക്കാരെയും കണ്ടെത്തുകയും ആവർത്തിച്ചുള്ള ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം,” ആരോഗ്യ വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ. അനില്‍കുമാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ആര്‍ടിപിസിആര്‍ പരിശോധനയില്‍ പോസിറ്റീവ് ആകുന്നവര്‍ പത്ത് ദിവസം ക്വാറന്റൈനില്‍ കഴിയാനും നിര്‍ദേശമുണ്ട്. ഇവരുടെ സാമ്പിളുകള്‍ ജനിതക വകഭേദം വന്ന വൈറസിന്റെ പരിശോധനയ്ക്കായി അയക്കും. സംസ്ഥാനത്തെ പ്രതിദിന കോവിഡ് പരിശോധനകളുടെ എണ്ണം 60,000 ല്‍ നിന്ന് 80,000 ലേക്ക് ഉയര്‍ത്താനും തീരുമാനമായി.
അതേസമയം, ഒമിക്രോൺ സംബന്ധിച്ച ആശങ്കകൾ നിലനിൽക്കെ കേരളത്തിൽ നിന്നും വരുന്നവർക്കും ആർടിപിസിആർ പരിശോധനാ ഫലം നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചു. കേരളത്തില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികളില്‍ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് നടപടി.
ഇതുകൂടാതെ കഴിഞ്ഞ 16 ദിവസത്തിനിടയിൽ കേരളത്തിൽ നിന്നുമെത്തിയ വിദ്യാർത്ഥികൾ വീണ്ടും ആർടിപിസിആർ പരിശോധന നടത്തണമെന്നും നിര്‍ദേശമുണ്ട്. ആർടിപിസിആർ ഫലം നെഗറ്റീവായി ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർഥികൾ ഏഴ് ദിവസത്തിനു ശേഷം വീണ്ടും പരിശോധന നടത്തണമെന്നും ഉത്തരവില്‍ പറയുന്നു.