കോഴിക്കോട്: കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പൊതുപരിപാടികൾ അനുവദിക്കില്ല. മതപരമായ പരിപാടികൾക്കും ഇത് ബാധകമാണ്. പൊതു ഇടങ്ങളിലെ തിരക്ക് നിയന്ത്രിക്കും.
ജില്ലയിൽ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതലായതിൻ്റെ അടിസ്ഥാനത്തിലാണ് എല്ലാ വിധത്തിലുള്ള പൊതുപരിപാടികളും നിരോധിച്ചത്. മതപരമായ പരിപാടികൾക്കും ഇത് ബാധകമാണ് .
ബസില്നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല. ബീച്ചുകളിലേക്കുള്ള പൊതുജന പ്രവാഹം നിയന്ത്രിക്കുന്നതിനും ഹോട്ടലുകളിലും മാളുകളിലുമുള്ള പൊതുജനങ്ങളുടെ കൂടിച്ചേരൽ നിയന്ത്രിക്കുന്നതിനും നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവികളെ ചുമതലപ്പെടുത്തി.
ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനത്തിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിക്കുന്നതു കർശനമായി നിയന്ത്രിക്കും. ഇതിനായി സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന നടത്താൻ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു.
എല്ലാ സർക്കാർ, അർധസർക്കാർ സഹകരണ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളും ഓൺലൈൻ ആയി മാത്രമേ യോഗങ്ങളും പരിപാടികളും ചടങ്ങുകളും നടത്താവൂ.
Also Read: സംസ്ഥാനത്ത് ടിപിആർ 30നു മുകളിൽ; എറണാകുളത്തും ആലപ്പുഴയിലും കൂടുതൽ നിയന്ത്രണങ്ങൾ
ബീച്ചില്‍ ഉള്‍പ്പെടെ കോഴിക്കോട് നഗരത്തില്‍ പരിശോധന കര്‍ശനമാക്കും. വാഹന പരിശോധനയ്ക്കു മോട്ടര്‍ വാഹനവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമങ്ങളും നിർദേശങ്ങളും ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കലക്ടർ പറഞ്ഞു.
ജില്ലയില്‍ ഇന്നലെ പേക്കാണ് 2,043 കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴി 1,990 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 22 പേര്‍ക്കും സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 26 പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് രോഗം ബാധിച്ചത്.
അതിനിടെ, ഒമിക്രോണ്‍ ബാധ രോഗപ്രതിരോധശേഷി കൂട്ടുമെന്ന വ്യാജപ്രചാരണങ്ങള്‍ക്കെതിരെ വിദഗ്ധര്‍ രംഗത്തെത്തി. ഒമിക്രോണ്‍ രോഗപ്രതിരോധശേഷി കൂട്ടുമെന്നും രോഗം വന്നാലും ഗുരുതരമാകില്ലെന്നുമുള്ള സമൂഹമാധ്യമങ്ങളിലെ പ്രചാരണം അസംബന്ധമാണെന്നുമാണു വിദഗ്ധരുടെ മുന്നറിയിപ്പ്.
കഴിഞ്ഞദിവസം കോഴിക്കോട് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ 38 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഇത് സമൂഹ വ്യാപനം തുടങ്ങിയെന്നതിന് തെളിവാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒരു വിഭാഗം ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തില്‍ 51 സാമ്പിളുകളില്‍ 38 എണ്ണത്തിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
Also Read: കോവിഡ് വ്യാപനം: തിരുവനന്തപുരം ജില്ലയില്‍ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചു