‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിലെ പാട്ടിനെതിരെ ഉയര്‍ന്ന വിവാദം വേദനിപ്പിക്കുന്നതെന്ന് സംവിധായകന്‍ ഒമര്‍ ലുലു. പ്രവാചക നിന്ദ എന്ന വാദം തെറ്റാണെന്നും മലയാളികൾ നെഞ്ചിലേറ്റിക്കഴിഞ്ഞ പാട്ടിനെതിരായ വാർത്തകൾ അവാസ്തവമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ നിയമപരമായി നേരിടുമെന്നും ഒമര്‍ ലുലു പറഞ്ഞു. പാട്ടിനു വലിയ സ്വീകാര്യത കിട്ടിയ സമയത്ത് വന്ന കേസ് വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഒരു അഡാറ് ലവ് സിനിമയിലെ പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ സംവിധായകൻ ഒമർ ലുലുവിനെതിരെ കേസെടുത്തിരുന്നു. ഹൈദരാബാദ് ഫലഖ്‌നമ പൊലീസാണ് 295 എ വകുപ്പ് അനുസരിച്ച് കേസ് എടുത്തത്.

ഫറൂഖ് നഗറിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി’ എന്ന പാട്ട് പ്രവാചക നിന്ദയാണെന്നാരോപിച്ച് പരാതി നൽകിയത്. ഗാനരംഗത്തിൽ അഭിനയിച്ച പ്രിയ വാര്യർക്കും ഗാനരചയിതാവിനെതിരെയും പരാതി നൽകിയിട്ടുണ്ട്.

”പാട്ട് വൈറലായപ്പോഴാണ് കമന്റ് സെക്ഷനിൽ പാട്ടിന്റെ വരികളെക്കുറിച്ച് ചിലർ പരാതി പറഞ്ഞത് ശ്രദ്ധയിൽപ്പെട്ടത്. ഗൂഗിൾ ട്രാൻസ്‌ലേറ്ററിൽ വരികൾ നോക്കിയപ്പോൾ പ്രവാചകനെക്കുറിച്ചുളളതാണെന്ന് മനസ്സിലായി. എന്നാൽ പ്രവാചകനാണെന്ന് നേരിട്ട് വരികളിൽ പറഞ്ഞിട്ടില്ല. പരാതി നൽകാനായി കേരള പൊലീസിനെ സമീപിച്ചിരുന്നു. അവരാണ് ലോക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ നിർദ്ദേശിച്ചത്. അങ്ങനെയാണ് ഫലഖ്‌നമ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്” പരാതിക്കാരിൽ ഒരാൾ പറഞ്ഞതായി ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നു.

ഹാപ്പി വെഡ്ഡിങ്സ്, ചങ്ക്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു അഡാറ് ലവ്. ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.