ആലപ്പുഴ: ദുരിതാശ്വാസ ക്യാംപില്‍ നിന്ന് പണപ്പിരിവ് നടത്തി എന്ന പേരില്‍ നടപടി നേരിട്ട സിപിഎം പ്രാദേശിക നേതാവ് ഓമനക്കുട്ടനെ പിന്തുണച്ച് ക്യാംപിലുള്ളവര്‍. ഓമനക്കുട്ടന് പിരിവ് നടത്തിയതില്‍ തങ്ങള്‍ക്ക് യാതൊരു പരാതിയുമില്ലെന്നും ക്യാംപിലേക്ക് സാധനങ്ങള്‍ വാങ്ങാനായിരുന്നു പിരിവ് എന്നും ക്യാംപിലുള്ളവര്‍ തന്നെ പറയുന്നു. മനോരമ ന്യൂസിനോടാണ് ക്യാംപിലുള്ളവരുടെ പ്രതികരണം. വീഡിയോ പുറത്തുവന്നതിനു പിന്നാലെ ഓമനക്കുട്ടന് പിന്തുണയേറി.
ക്യാംപിലേക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിക്കുന്നതും വൈദ്യുതി ബില്‍ അടയ്ക്കുന്നതും ക്യാംപിലുള്ളവര്‍ സഹകരിച്ചാണെന്ന് ആരോപണ വിധേയനായ ഓമനക്കുട്ടന് പറയുന്നതും വീഡിയോയില്‍ കാണാം. ഇതേ ക്യാംപിലെ തന്നെ അന്തേവാസിയാണ് ഓമനക്കുട്ടനും. തങ്ങള്‍ക്ക് മറ്റ് പരാതികളൊന്നും ഇല്ല എന്നും സാധനങ്ങള്‍ ക്യാംപിലേക്ക് കൊണ്ടുവന്നതിന്റെ വാഹനക്കൂലിയാണ് പിരിച്ചതെന്നും ക്യാംപിലുള്ളവർ പറഞ്ഞു. കയ്യില്‍ നിന്ന് കാശ് എടുത്താണ് വാഹനത്തിന് പൈസ കൊടുക്കുന്നതെന്നും ക്യാംപിലെ അന്തേവാസികള്‍ പറയുന്നു.
“വണ്ടിക്കൂലി ഉടന്‍ കൊടുക്കണം. ഇല്ലെങ്കില്‍ നാളെ വിളിച്ചാല്‍ അവര്‍ വരില്ല. അതുകൊണ്ട് കയ്യില്‍ നിന്ന് കാശ് എടുത്താണ് കൊടുത്തിരുന്നത്. വൈദ്യുതി ബില്ലും തങ്ങളാണ് അടയ്ക്കുന്നത്. നേരത്തെ ക്യാംപില്‍ താമസിച്ച് പോയപ്പോള്‍ അന്ന് വൈദ്യുതി ബില്‍ 300 രൂപ ആയി. കഴിഞ്ഞ തവണ ക്യാംപില്‍ നിന്ന് പോയപ്പോള്‍ ഒരു ഗ്യാസ് കുറ്റി നഷ്ടപ്പെട്ടു. അത് പഞ്ചായത്തിലടക്കം അറിയിച്ചിരുന്നു. എന്നാല്‍, നടപടിയൊന്നും ഉണ്ടായില്ല. 3000 രൂപ അന്ന് കയ്യില്‍ നിന്ന് എടുത്താണ് കൊടുത്തത്. ഒരാള്‍ 175 രൂപ വീതം പിരിച്ച് എടുക്കുകയാണ് ചെയ്തത്. ഇവിടെ ആര്‍ക്കും ഒരു പരാതിയില്ല. വീട്ടില്‍ വെള്ളം കയറാത്ത ഒരാളാണ് വീഡിയോ എടുത്തത്. അയാൾ ക്യാംപിലെ അംഗമല്ല” ക്യാംപിലെ അന്തേവാസികള്‍ പറയുന്നു. ഓമനക്കുട്ടൻ പിരിച്ചത് വെറും 70 രൂപയാണെന്നും അത് ക്യാംപിലെ അന്തേവാസികൾക്ക് ഭക്ഷണം വാങ്ങിച്ച് നൽകാനാണെന്നും അന്തേവാസികൾ പറയുന്നുണ്ട്.
Read Also: ദുരിതാശ്വാസ ക്യാംപിൽ പണപ്പിരിവ്; സിപിഎം ലോക്കൽ കമ്മിറ്റി അംഗം വിവാദത്തിൽ
സിവില്‍ സപ്ലൈസ് ഡിപ്പോയില്‍ നിന്ന് ക്യാമ്പിലേക്ക് ഭക്ഷ്യസാധനങ്ങള്‍ കൊണ്ടുവരാനുള്ള വണ്ടിക്ക് വാടക നല്‍കുന്നതിന് വേണ്ടി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ ഓമനക്കുട്ടന് പിരിവ് നടത്തിയെന്നായിരുന്നു വാര്‍ത്ത. വാര്‍ത്തയും വീഡിയോയും പുറത്തുവന്നതിനു പിന്നാലെ സിപിഎം ഓമനക്കുട്ടനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ ചേര്‍ത്തല തഹസില്‍ദാരുടെ പരാതിയിന്മേല് ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തിട്ടുമുണ്ട്.
എന്നാൽ, പുറത്തുവന്ന വീഡിയോയിൽ ഓമനക്കുട്ടൻ സംസാരിക്കുന്നത് കൃത്യമായി കേൾക്കാം. പണപ്പിരിവ് നടത്തുന്നത് വീഡിയോ എടുക്കുന്നുണ്ട് എന്ന് കണ്ടിട്ടും ഇതിൽ യാതൊരു രഹസ്യവുമില്ലെന്നും ക്യാംപിലുള്ളവർക്ക് ഭക്ഷണം എത്തിക്കാനുള്ള വാഹനത്തിന് നൽകാനാണെന്നും ഓമനക്കുട്ടൻ പറയുന്നു. മാത്രമല്ല, ഓമനക്കുട്ടൻ സംസാരിക്കുന്നത് കേട്ട് ചുറ്റിലുമുള്ളവർ ചിരിക്കുന്നതും വീഡിയോയിൽ കാണാം. പോക്കറ്റിൽ നിന്ന് രണ്ട് രൂപ എടുത്ത് ക്യാംപിലെ അംഗത്തിന് ഓമനക്കുട്ടൻ ബാക്കി നൽകുന്നുമുണ്ട്.