കൊച്ചി: കരിപ്പൂരിൽ ഇറങ്ങേണ്ട ഒമാൻ എയർവെയ്സ് വിമാനം നെടുമ്പാശേരിയിൽ ഇറക്കിയതിന് ശേഷം യാത്രക്കാരോട് ഇറങ്ങിപ്പോവാന്‍ ആവശ്യപ്പെട്ടു. മോശം കാലാവസ്ഥയേത്തുടർന്നാണ് ഇന്ന് പുലർച്ചയ്ക്ക് കരിപ്പൂരിലിറങ്ങേണ്ട വിമാനം നെടുമ്പാശേരിയിലിറക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം.

തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന 120യാത്രക്കാരോടും നെടുമ്പാശേരിയില്‍ ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. പൈലറ്റിന്റെ ജോലി സമയം കഴിഞ്ഞെന്ന് പറഞ്ഞാണ് അധികൃതര്‍ യാത്രക്കാരെ ഇറക്കി വിടാന്‍ ശ്രമിച്ചത്.

എന്നാല്‍ വിമാനത്തില്‍ നിന്ന് ഇറങ്ങില്ലെന്ന് അറിയിച്ച യാത്രക്കാര്‍ പ്രതിഷേധിച്ചു. നാലരമണിക്കൂറിലേറെ വിമാനത്തിൽ കഴിഞ്ഞ യാത്രക്കാർക്ക് കുടിവെള്ളമോ ഭക്ഷണമോ നൽകിയില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു. വിമാനത്തില്‍ നിന്ന് ഇറങ്ങിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി യാത്രക്കാര്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ