തൃശൂര്‍: വൈകിയാണെങ്കിലും ചാവക്കാട് കടല്‍ത്തീരത്ത് വിരുന്നിനെത്തിയ ഒലിവ് റിഡ്‌ലി കടലാമകള്‍ തീരത്ത് നിക്ഷേപിച്ചത് ഏഴായിരത്തോളം മുട്ടകള്‍. സാധാരണ നവംബറില്‍ എത്തിയിരുന്ന ആമകള്‍ ഇത്തവണ ജനുവരിയിലാണ് വന്നത് തുടങ്ങിയത്. 62 കുഴികളിലാണ് ആമ മുട്ടയിട്ടത്.

മൂന്ന് നാല് വര്‍ഷങ്ങളിലായി മുട്ടകളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്ന് ഗ്രീന്‍ ഹാബിറ്റാറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ജെ ജയിംസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആറായിരത്തോളം മുട്ടകളാണ് ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. 46 കുഴികളാണ് കഴിഞ്ഞതവണ ഉണ്ടായിരുന്നത്. സാധാരണ ഒരു കുഴിയില്‍ നൂറ് മൂതല്‍ നൂറ്റിപ്പത്ത് മുട്ടകളാണ് ഉണ്ടാകുക. എന്നാല്‍ ഇത്തവണ പല കുഴികളിലും മുട്ടകളുടെ എണ്ണം കുറവായിരുന്നുവെന്ന് ജെയിംസ് പറഞ്ഞു. അറുപതോളം എണ്ണം മാത്രമാണ് ഉണ്ടായത്. കുഴികളുടെ എണ്ണം കൂടിയത് കാരണമാണ് കഴിഞ്ഞ തവണത്തേക്കാള്‍ മുട്ടകള്‍ കൂടിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്ത് കിലോമീറ്റര്‍ നീളത്തിലെ ബീച്ചില്‍ എടക്കഴിയൂര്‍ പഞ്ചവടി, മന്ദലാംകുന്ന്, പുത്തന്‍ കടപ്പുറം, ബ്ലാങ്ങാട്, ഇരട്ടപ്പുഴ എന്നിവിടങ്ങളിലാണ് കടലാമകള്‍ ധാരാളമായെത്തിയത്. കനത്ത ചൂടും കടലോരത്തെ പൂഴിമണലിന്റ ജലാംശം കുറയുന്നതും അടമ്പുവള്ളിപടര്‍പ്പുകളുടെ ആധിക്യവും അരുവായില്‍ ഉയരമുള്ള കടല്‍തിട്ട് രൂപം കൊള്ളുനതും മുട്ടയിടാനെത്തുന്ന കടലാമകള്‍ക്ക് ഭീഷണിയാണെന്ന് ജയിംസ് പറയുന്നു.

Read Also: ക്ഷേത്ര ദർശനം ബാലൻസിങ് എന്ന് കമന്റ്‌; കലക്കൻ മറുപടിയുമായി പ്രതിഭ

1999 മുതല്‍ ഗ്രീന്‍ ഹാബിറ്റാറ്റ് ഒലിവ് റിഡ്‌ലിയുടെ മുട്ടകള്‍ സംരക്ഷിക്കുന്നുണ്ട്. കൂടാതെയാണ് കടലാമ കൂടുകള്‍ക്ക് കുറുനരികളുടേയും തെരുവുനായ്ക്കളുടെയും ഭീഷണിയെന്ന് കലാമ വാച്ചര്‍മാരായ സലിം ഐഫോക്കസ്, ഇജാസ് എന്നിവര്‍ പറഞ്ഞു. പത്ത് വാച്ചര്‍മാരാണ് ഇപ്പോഴുള്ളത്.

കുറുക്കന്‍മാരുടെയും മനുഷ്യരിലെ മുട്ടക്കള്ളന്‍മാരുടെയും ശല്യത്തില്‍നിന്നു സംരക്ഷിക്കാന്‍ വോളന്റിയര്‍മാര്‍ കടല്‍ത്തീരത്ത് കാവലുണ്ട്. സോഷ്യല്‍ ഫോറസ്ട്രി, ടെറിട്ടോറിയല്‍ ഫോറസ്റ്റ് വാചര്‍മാരുടെ കണ്ണുവെട്ടിച്ച് കുറുനരികള്‍ പുല്‍ക്കാട്ടിലെ കൂടുകള്‍ തകര്‍ത്ത് മുട്ടകള്‍ മോഷ്ടിക്കാറുണ്ട്. ഇത് തടയാനായി രാത്രിയില്‍ വാച്ചര്‍മാര്‍ കാവല്‍ നില്‍ക്കും.

വിരിഞ്ഞിറങ്ങി പോയ കടല്‍ തീരം തന്നെ മുട്ടയിടാന്‍ തിരെഞ്ഞെടുക്കുന്ന സ്വഭാവം സൂക്ഷിക്കുന്നവരാണ് കടലാമകളെന്നും അതുകൊണ്ടാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടലാമ സംരക്ഷണ പ്രവര്‍ത്തനം തുടങ്ങിയ ചാവക്കാട് തീരത്ത് കടലാമകള്‍ കൂടുതലായി ചാവക്കാട് തീരത്ത് മുട്ടയിടാനെത്തുന്നതെന്നും ഡബ്ലിയു ഡബ്ലിയു എഫ് സംസ്ഥാന ഡയറക്ടര്‍ രഞ്ജന്‍ മാത്യു പറഞ്ഞു.

നീണ്ട കടല്‍ത്തീരമുള്ളതും മനുഷ്യരുടെ ശല്യം കുറവായതും കാരണം ചാവക്കാടിനെ ആമകളുടെ പ്രിയതീരമാക്കുന്നുവെന്ന് ജയിംസ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.