തൃശൂർ: തന്റെ മാല മോഷ്ടിച്ച് കടന്നു കളഞ്ഞ കളളനെ പൊലീസ് അറസ്റ്റ് ചെയ്തെന്ന് അറിഞ്ഞപ്പോൾ പൊലീസിനോട് ഒരേയൊരു കാര്യമേ തൃശൂർ സ്വദേശിനി ശാന്തയ്ക്ക് പറയാനുണ്ടായിരുന്നുളളൂ, എനിക്കവനെ ഒന്നു കാണണം. ശാന്തയുടെ ആവശ്യം പൊലീസ് നിരാകരിച്ചില്ല. ലോക്കപ് മുറിയിൽ ഭിത്തിയും ചാരിയിരിക്കുകയായിരുന്ന കള്ളനെ കണ്ടപ്പോൾ വയോധിക ദേഷ്യവും സങ്കടവും അടക്കിക്കൊണ്ട് ചോദിച്ചു ‘ഈ പാപമൊക്കെ എവിടെക്കൊണ്ടു തീർക്കും മോനേ?. ഇതു കേട്ട കളളന് മറുപടിയുണ്ടായില്ല.

‘എനിക്കുമുണ്ട‍് മോനേ രണ്ടുമക്കൾ. എന്തോരം ബുദ്ധിമുട്ട‍ിയാ ഞാൻ അവരെ വളർത്തിയത്. നിനക്ക് ഇത്രയും തണ്ടും തടിയുമില്ലേ ജീവിക്കാൻ. എന്നോടിതു ചെയ്തത് എന്തിനാടാ? 67 വയസില്ലേ ഈ അമ്മയ്ക്ക്… ഈവക ആൾക്കാരുടെയൊക്കെ മാല പൊട്ടിക്കണത് വലിയ കഷ്ടം തന്നെയാ. പാപം തീരില്ല നിനക്ക്. കണ്ടില്ലേ എന്റെ ചുണ്ട് തടിച്ചു വീർത്തിട്ടുണ്ട്. അവന്റെ കൈകൊണ്ടതാ…കണ്ടാ ചോരവീർത്തു കിടക്കണത്. മുട്ടും പൊട്ടി. റോഡിലൂടെ വലിച്ചോണ്ടു പോയപ്പോഴാ. എന്റെ കുട്ട്യോള് വെഷമിക്കുമെന്നു കരുതിയാ ഞാൻ ആശുപത്രീൽ പോയത്’ ശാന്ത വിഷമത്തോടെ പറഞ്ഞു.

മാലമോഷണക്കേസിൽ ഇതിനു മുമ്പും  പ്രതിയായ പാടൂക്കാട് പുലിക്കോട്ടിൽ ബിജു ആണ് ശാന്തയുടെ മാലപൊട്ടിച്ചു കടന്നത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. മാല പൊട്ടിക്കുന്നതു ചെറുത്ത ശാന്തയെ ബിജു മുഖത്തിടിച്ചു വീഴ്ത്തി നിലത്തു കൂടി വലിച്ചിഴച്ചു. അതിനുശേഷമാണ് പ്രതി മാലയുമായി കടന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ