ആലുവ: റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ആലുവ താലൂക്ക് സപ്ലൈ ഓഫീസില്‍ വയോധികന് ആത്മഹത്യക്ക് ശ്രമിച്ചു. എടത്തല സ്വദേശി അബ്ദുൾ റഹ്മാനാണ് ദേഹത്ത് പെട്രോൾ ഒഴിച്ചത്. കണ്ടുനിന്നവർ പിടിച്ചുമാറ്റിയതിനാൽ അത്യാഹിതം സംഭവിച്ചില്ല. ഇന്നുച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്.
ഇദ്ദേഹത്തിന് റേഷൻ കാർഡുണ്ട്. എന്നാൽ റേഷൻ കടയിൽ ഇദ്ദേഹത്തിന്റെ പേരും വിലാസവും ഇല്ല. ആലുവ സപ്ലൈ ഓഫീസിലെ അധികൃതരുടെ അനാസ്ഥ മൂലമാണ് ഇതെന്നാണ് ആരോപണം. 15 മാസമായി റേഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല.
പുറമ്പോക്കിൽ താമസിക്കുന്ന ഇദ്ദേഹം പലതവണ അപേക്ഷയും പരാതിയും നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായില്ലെന്ന് ആരോപിച്ചു. ഹൃദ്രോഗിയാണ് താനെന്നും, ആത്മഹത്യ ശ്രമത്തിൽ എന്ത് നടപടി വേണമെങ്കിലും സ്വീകരിക്കാമെന്നും അബ്ദുൾ റഹ്മാൻ പറഞ്ഞു.
ഒരു വർഷം മുൻപാണ് ഇദ്ദേഹം റേഷൻ കാർഡിനായി അപേക്ഷിച്ചത്. എന്നാൽ സപ്ലൈ ഓഫീസിലെ കംപ്യൂട്ടറിൽ നിന്ന് രേഖകൾ നഷ്ടപ്പെട്ടു. പിന്നീട് മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം റേഷൻ കാർഡ് അനുവദിച്ചെങ്കിലും അത് എപിഎൽ കാർഡായിരുന്നു. ഇതേ തുടർന്ന് കലക്ട്രേറ്റിൽ നിന്ന് കലക്ടറുടെ കുറിപ്പോടെ ബിപിഎൽ കാർഡാക്കി മാറ്റുന്നതിനുളള നടപടികൾക്കായിരുന്നു ഇദ്ദേഹം ഓഫീസിൽ കയറിയിറങ്ങിയത്.
ഇദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം പൊലീസ് തന്നെ വീട്ടിലെത്തിച്ചു.