തിരുവനന്തപുരം: അറബിക്കടലിന്റെ തീരങ്ങളെ വിറപ്പിച്ച ഓഖി ചുഴലിക്കാറ്റിൽപ്പെട്ടവരെ രക്ഷിക്കാൻ കൈകോർത്ത് നാവിക സേനയും വ്യോമസേനയും. കൂടുതൽ വിമാനങ്ങളും ഹെലികോപ്റ്ററുകളും രംഗത്തിറക്കി വിപുലമായ രക്ഷാപ്രവർത്തനമാണ് ഇന്ത്യൻസേന നടത്തിയത്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ സമയോചിതമായ ഇടപെടലും രക്ഷാപ്രവർത്തനം എളുപ്പത്തിലാക്കി. 150 ഓളം പേരെയാണ് ഇതുവരെ രക്ഷപ്പെടുത്താനായത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർഥന പ്രകാരമാണ് ഇന്നലെ മുതൽ രക്ഷാപ്രവർത്തനത്തിന് നാവിക-വ്യോമ സേനകൾ തിരുവനന്തപുരത്ത് എത്തിയത്.

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചാണ് സംസ്ഥാനസർക്കാർ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. രാവിലെ മുതൽ ഉൾക്കടലിലേക്ക് പോയ വിമാനങ്ങൾ അതിർത്തിയിൽ നിന്നും 90 നോട്ടിക്കൽ മൈൽ പരിധി വരെ നിരീക്ഷണം നടത്തി. ആഴക്കടലിൽപ്പെട്ട മത്സ്യ തൊഴിലാളികളെ ഹെലികോപ്റ്ററിലേക്ക് സുരക്ഷ റോപ്പുകൾ ഉപയോഗിച്ച് കയറ്റുകയായിരുന്നു. പലരും തങ്ങളുടെ ബോട്ട് ഉപേക്ഷിച്ച് വരാൻ വിസമ്മതിച്ചെങ്കിലും പരുക്കേറ്റവരെ ഹെലികോപ്റ്ററിലേക്ക് കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. പ്രതികൂലമായ കാലാവസ്ഥയിലും വളരെ താഴ്ന്ന് പറന്നാണ് ഹെലികോപ്റ്ററിലുള്ള രക്ഷാപ്രവർത്തനം നടത്തിയത്. ഇന്ന് വൈകിട്ട് 3 മണിയോടെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യോമസേനയുടെ വിമാനത്തിൽ ഉൾക്കടൽ മേഖലയിലെ രക്ഷാപ്രവർത്തനം നിരീക്ഷിക്കാൻ പോയിരുന്നു.

ഉൾക്കടൽ ശാന്തമായതായും രക്ഷാപ്രവർത്തനം സുഗമമായി പുരോഗമിക്കുന്നുവെന്നും കടകംപള്ളി സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ബോട്ടുകൾ ഉപേക്ഷിച്ച് മടങ്ങിവരാൻ പലരും തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഓഖി കൊടുങ്കാറ്റ് കേരള തീരത്ത് നിന്ന് നീങ്ങിയതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ഇതിനിടെ 60 മത്സ്യ തൊഴിലാളികളെ ഒരു ജാനീസ് കപ്പൽ രക്ഷപ്പെടുത്തിയത് ആശ്വാസമായി. വലിയ തിരമാലകളിൽപ്പെട്ട് ഉൾക്കടലിൽപ്പെട്ട് പോയവരെയാണ് ജാനീസ് കപ്പൽ രക്ഷിച്ചത്. ഈ 60 പേരെയും വിഴിഞ്ഞം തുറമുഖത്തേക്ക് ഉടൻ എത്തിക്കുമെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനത്തിന് സഹായം നൽകിയ ജാനീസ് സർക്കാരിന് നന്ദി അറിയിച്ചെന്ന് തിരുവനന്തപുരം ജില്ല കലക്ടർ അറിയിച്ചു.

അതേസമയം, ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കാറ്റിന് ശക്തിയേറിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചിട്ടുണ്ട്. കാറ്റിന്റെ വേഗത 110 കീലോറ്റമീറ്റർ ആയി എന്നതാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന. തീരദേശ മേഖലയിൽ നിന്ന് പ്രദേശവാസികളെ മുഴുവൻ ഒഴിപ്പിച്ചിട്ടുണ്ട്. കാറ്റ് എത്തുന്നതിന് മുൻപ് തീരത്ത് വലിയ കടൽക്ഷോഭമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook