കോഴിക്കോട്: ഓഖി ചുഴലിക്കാറ്റിൽ പെട്ട് കടലിൽ കാണാതായ ഒൻപത് പേരുടെ മൃതദേഹങ്ങൾ കൂടി കോഴിക്കോട് നിന്നും കണ്ടെത്തി. കോഴിക്കോട് നിന്നും 12 നോട്ടിക്കൽ മൈൽ അകലെയാണ് 8 മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഒരു മൃതദേഹം വെള്ളയിൽ ബീച്ചിൽ ആണ് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അമ്പത് കടന്നതായാണ് അനൗദ്യോഗിക വിവരം. കണ്ടെത്തിയ മൃതദേഹങ്ങളിൽ ആറെണ്ണം ഇതുവരെ കരയ്ക്ക് എത്തിച്ചു.
ബേപ്പൂര്‍ പുറംകടലില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി അല്‍പസമയത്തിനകം കരയിലെത്തിക്കും. വൈകുന്നേരത്തോടെയാണ് വെള്ളയില്‍ ബീച്ചില്‍ ഒരു മൃതദേഹം കരയ്ക്കടിഞ്ഞത്. അതേസമയം മൃതദേഹങ്ങൾ അഴുകിയ നിലയിലാണ് ഉള്ളത്. ഇവ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ആളുകളെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തുമെന്ന് ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്.