തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ അകപ്പെട്ട നിരവധി മത്സ്യത്തൊഴിലാളികൾ മറ്റ് രാജ്യങ്ങളിൽ അഭയം തേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇവരെ തിരികെയെത്തിക്കാൻ ആവശ്യമായ ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഓഖി ദുരിതത്തിൽ നിന്ന് രക്ഷാപ്രവർത്തകർ രക്ഷിച്ച തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ നിന്നുള്ളവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ ഓഫീസിൽ സന്ദർശിച്ച ശേഷമാണ് മത്സ്യത്തൊഴിലാളികൾ ഇക്കാര്യം അറിയിച്ചത്. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഇവർക്ക് ഉറപ്പു നൽകി.
“രക്ഷപ്പെട്ട ചിലര്‍ ഒമാനിലും മാലി ഉള്‍പ്പെടെയുളള ചില ദ്വീപുകളിലും എത്തിപ്പെട്ടതായി വിവരമുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞപ്പോഴാണ് ഈ ഉറപ്പു നല്‍കിയത്”, മുഖ്യമന്ത്രി കുറിച്ചു. “ഏതാനും മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്. ഡി.എന്‍.എ പരിശോധന വഴി ആളുകളെ തിരിച്ചറിയാന്‍ ശ്രമിക്കുകയാണ്. ഓഖി ചുഴലിയില്‍ പെട്ടവരെ രക്ഷപ്പെടുത്താന്‍ കേരള സര്‍ക്കാര്‍ എടുത്ത നടപടികള്‍ക്ക് നന്ദി പറയാനാണ് ഇരുപത്തിയഞ്ചോളം മത്സ്യത്തൊഴിലാളികൾ കാണാനെത്തിയത്”, അദ്ദേഹം കൂട്ടിച്ചേർത്തു.
“കേരള അതിര്‍ത്തിയിലെ കടലില്‍ നിന്ന് രക്ഷാസേനയുടെ സഹായം കൊണ്ട് ജീവന്‍ തിരിച്ചുകിട്ടിയ അഞ്ചുപേരും അക്കൂട്ടത്തിലുണ്ടായിരുന്നു. അവര്‍ തങ്ങളുടെ അനുഭവം വിവരിച്ചു. ദുരന്തബാധിതര്‍ക്കു വേണ്ടി കേരള സര്‍ക്കാര്‍ സമഗ്രമായ സഹായ പാക്കേജ് പ്രഖ്യാപിച്ചുവെങ്കിലും തമിഴ്നാട് സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്തിട്ടില്ല. മരിച്ചവരുടെ ആശ്രിതര്‍ക്ക് കേരള സര്‍ക്കാര്‍ 20 ലക്ഷം രൂപ പ്രഖ്യാപിച്ചത് ചൂണ്ടിക്കാണിച്ചപ്പോള്‍ തമിഴ്നാട് സര്‍ക്കാരും 20 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മറ്റൊരു സഹായവും ലഭിച്ചിട്ടില്ലെന്നും കേരളത്തിന്‍റെ ഇടപെടല്‍ കൊണ്ടാണ് ഇത്രയെങ്കിലും ലഭിച്ചതെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു”, പിണറായി വിജയൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
സിപിഐഎം കന്യാകുമാരി ജില്ലാ സെക്രട്ടറി എന്‍. മുരുകേശന്‍, മുന്‍ എം.പി. എ.വി. ബെല്ലാര്‍മിന്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം നൂര്‍മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് 25-ഓളം മത്സ്യത്തൊഴിലാളികള്‍ സന്ദര്‍ശിച്ചത്.