കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട മത്സ്യ വിഭവമാണ് മത്തി. ഉച്ചയ്ക്ക് ഊണിനൊപ്പം ഒരൽപ്പം മത്തി ചാറും മത്തി പൊരിച്ചതും ഉണ്ടെങ്കിൽ വയറും മനസും നിറയ്ക്കാൻ മറ്റൊന്നും വേണ്ട. എന്നാൽ മത്തിയുടെ ലഭ്യതയിൽ വൻ കുറവാണ് ഇത്തവണ നേരിടുന്നത്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) വാർഷിക പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. മുൻ വർഷത്തേക്കാൾ 54 ശതമാനത്തിന്റെ കുറവാണ് ഇന്ത്യയിൽ മത്തിയുടെ ലഭ്യതയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ മാത്രം 39 ശതമാനത്തിന്റെ കുറവും.

Also Read: ‘അല്‍ ചാള’; കേരളത്തിന്റെ മത്തി പ്രേമത്തിന് പൊന്നും വില!

2017 ൽ ലഭിച്ചതിനേക്കാൾ ഏകദേശം അമ്പതിനായിരം ടൺ കുറഞ്ഞ് ആകെ 77,093 ടൺ മത്തിയാണ് കേരളത്തിൽ കഴിഞ്ഞ വർഷം ലഭിച്ചത്. അതേസമയം മറ്റ് മത്സ്യങ്ങളുടെ ലഭ്യതയിൽ വർധനവും രേഖപ്പെടുത്തുന്നു. ഇത് സംസ്ഥാനത്തിന്റെ ആകെ മത്സ്യ ലഭ്യതയിൽ വർധനവും രേഖപ്പെടുത്തി. പത്ത് ശതമാനം അധിക വർധനവാണ് ആകെ മത്സ്യ ലഭ്യതയിൽ സംസ്ഥാനത്ത് ഉണ്ടായത്. 2017ൽ 6.42 ലക്ഷം ടൺ മത്സ്യമാണ് സംസ്ഥാനത്ത് പിടിച്ചത്. മുൻവർഷം ഇത് 5.85 ലക്ഷം ടൺ ആയിരുന്നു.

മത്തി കുറഞ്ഞപ്പോൾ അയല സംസ്ഥാനത്ത് ഗണ്യമായി കൂടി. മുൻ വർഷത്തേക്കാൾ 142 ശതമാനമാണ് വർധനവ്. കേരളത്തിൽ മാത്രമല്ല, ദേശീയതലത്തിലും അയലയാണ് ഒന്നാം സ്ഥാനത്ത്. അയലക്ക് പുറമെ, കൊഴുവ, കിളിമീൻ, ചെമ്മീൻ, കൂന്തൽ-കണവ എന്നിവയും കേരളത്തിൽ കൂടി.

കഴിഞ്ഞ വർഷത്തെ ഇന്ത്യയിൽ ആകെയുള്ള മത്സ്യോൽപാദനം 34.9 ലക്ഷം ടൺ ആണ്. മുൻവർഷത്തേക്കാൾ ഒമ്പത് ശതമാനം കുറവുണ്ടായി. ഒന്നാം സ്ഥാനത്തായിരുന്ന മത്തി ദേശീയതലത്തിൽ ഒമ്പതാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയതും പശ്ചിമ ബംഗാൾ, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ മത്സ്യലഭ്യത കുറഞ്ഞതുമാണ് രാജ്യത്തെ മൊത്തം മത്സ്യലഭ്യതയിൽ ഇടിവ് വന്നതിന് കാരണമായി ചൂണ്ടികാട്ടുന്നത്. ആകെ ഉൽപാദനത്തിൽ നേരിയ വർധനവുണ്ടായെങ്കിലും രാജ്യത്തെ സമുദ്രമത്സ്യോൽപാദനത്തിൽ കേരളം കഴിഞ്ഞവർഷത്തെ പോലെ തന്നെ മൂന്നാമതാണ്. ഗുജറാത്ത് ആണ് ഒന്നാം സ്ഥാനത്ത്. തമിഴ്‌നാടിനാണ് രണ്ടാം സ്ഥാനം. ഏറ്റവും കൂടുതൽ മത്സ്യം ലഭിച്ച തുറമുഖം എറണാകുളം ജില്ലയിലെ മുനമ്പം ആണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.