തിരുവനന്തപുരം: ഇന്ധന വില വര്‍ധനവ് നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. സാധാരണക്കാര്‍ നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എംഎല്‍എയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കാന്‍ തയാറാകുന്നില്ല എന്ന് പ്രതിപക്ഷം ആരോപിച്ചു.
നികുതി ഭീകരതയാണ് രാജ്യത്ത് നിലവില്‍ നടക്കുന്നതെന്ന് ഷാഫി പറമ്പില്‍ ചൂണ്ടിക്കാണിച്ചു. “110 രൂപയ്ക്ക് പെട്രോള്‍ അടിച്ചാല്‍ അതില്‍ 66 രൂപയും നികുതിയാണ്. നികുതി കുറയ്ക്കേണ്ടത് സര്‍ക്കാരാണ്, കമ്പനികള്‍ അല്ല. മോദി സര്‍ക്കാര്‍ കക്കാനിറങ്ങുമ്പോള്‍ കേരളം ഫ്യൂസ് ഊരിക്കൊടുക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്,” ഷാഫി പറഞ്ഞു.
നികുതി വര്‍ധന ഗൗരവമുള്ള വിഷയമാണെന്നായിരുന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ മറുപടി. “ഇന്ധന നികുതി കോവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 94 ശതമാനമാണ് കൂട്ടിയത്. എല്‍ഡിഎഫ് 15 ശതമാനം മാത്രമാണ് വര്‍ധിപ്പിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേരളത്തേക്കാള്‍ കൂടുതലാണ് നികുതി,” മന്ത്രി വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പെട്രോള്‍ വില 110 കടന്നു. 48 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന് വര്‍ധിപ്പിച്ചത്. ഡീസല്‍ വിലയില്‍ മാറ്റമില്ല. തിരുവനന്തപുരത്ത് പെട്രോളിന് 112 രൂപ 70 പൈസയാണ് നിരക്ക്. കഴിഞ്ഞ ഒരു മാസത്തിനിടെ പെട്രോളിന് 8.86 രൂപയും ഡീസലിന് 10.33 രൂപയുമാണ് കൂട്ടിയത്.