തിരുവനന്തപുരം: രാജ്യത്ത് ദിനംതോറും ഇന്ധനവില വർധിക്കുന്നതിനെ ന്യായീകരിച്ച് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം. ഇന്ധനവില വർധനവ് ബോധപൂർവമാണെന്നും ഇത് വഴി ലഭിക്കുന്ന ലാഭം കേന്ദ്ര സർക്കാർ രാജ്യത്തെ പാവങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും കണ്ണന്താനം അവകാശപ്പെട്ടു. വാഹനമുള്ളവർ പട്ടിണി കിടക്കുന്നവരാണോ എന്നും പണക്കാരിൽ നിന്നും പണം പിരിച്ച് പാവങ്ങളുടെ ജീവിതനിലവാരം ഉയർത്താനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന കാര്യാലയം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

രാജ്യത്ത് 67 ശതമാനം ആളുകള്‍ക്കും ശൗചാലയങ്ങള്‍ ഇല്ല. അവര്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മ്മിച്ച് നല്‍കുക, എല്ലാവര്‍ക്കും വീടു നിര്‍മ്മിച്ച് നല്‍കുക, ദേശീയ പാതകള്‍ നിര്‍മ്മിക്കുക തുടങ്ങിയവയ്ക്കായി കോടിക്കണക്കിന് പണം ആവശ്യമായി വരും. ഈ പണം സമാഹരിക്കാനാണ് പെട്രോളിനും ഡീസലിനുമൊക്കെ വില വര്‍ധിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വണ്ടി വാങ്ങാന്‍ പണമുള്ളവര്‍ പെട്രോളുമടിക്കണമെന്ന് അൽഫോൺസ് കണ്ണന്താനം കഴിഞ്ഞ ദിവസം എറണാകുളത്തും പറഞ്ഞിരുന്നു. ഇന്ധനവില ദിനംപ്രതി കൂടുന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

‘സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ പണം ആവശ്യമാണ്. സബ്‌സിഡി നല്‍കാനും വികസനപ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം പണം വേണം. അത് ലഭിക്കുന്നത് നികുതിയില്‍ നിന്നാണ്. പാവപ്പെട്ടവന് വേണ്ടി പണമുള്ളവര്‍ നികുതി നല്‍കാന്‍ തയാറാവണം. ഇരുചക്ര വാഹനം വാങ്ങാന്‍ പണമുള്ളവന്‍ ഭക്ഷണം കഴിക്കാനും സാമ്പത്തിക ശേഷിയുള്ളവരാണ്. എന്നാല്‍, രാജ്യത്തെ മുപ്പത് ശതമാനം ആളുകള്‍ ഒരുനേരം പോലും ഭക്ഷണം കഴിക്കാന്‍ വകയില്ലാത്തവരാണ്. അതിനാല്‍ വാഹനമുള്ളവര്‍ ആ ത്യാഗം സഹിക്കേണ്ടതു തന്നെയാണ്’ അൽഫോൺസ് കണ്ണന്താനം പറഞ്ഞു.

ഇന്ധനവില വര്‍ധനമൂലം പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാനാവുന്നില്ല എന്നു പറയുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. കാരണം അവയ്ക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ട്. ‘നമ്മുടെ കെഎസ്ആര്‍ ടിസിയ്ക്ക് തന്നെ സര്‍ക്കാര്‍ എത്ര കോടി രൂപ നല്‍കുന്നുണ്ട്? ഇന്ധനവില മൂലം അവശ്യ സാധന വില വര്‍ധിക്കുന്ന അവസ്ഥയും ഇന്ത്യയില്‍ ഇപ്പോഴില്ല. രാജ്യത്തെ വിലക്കയറ്റം ഇപ്പോള്‍ നാലു ശതമാനത്തില്‍ താഴെ മാത്രമാണ്. റിസര്‍വ് ബാങ്കുമായുള്ള ധാരണ പ്രകാരം ഇത് നാലര ശതമാനം വരെയാകാം’ മന്ത്രി വിശദീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ