/indian-express-malayalam/media/media_files/uploads/2017/03/tiger.jpg)
കണ്ണൂര്‍: രണ്ട് മാസം മുമ്പ് കണ്ണൂര്‍ നഗരത്തില്‍ നിന്ന് പിടികൂടിയ പുലി വളര്‍ത്തു പുലിയെന്ന് സംശയം. മനുഷ്യനുമായി ഇണങ്ങിക്കഴിഞ്ഞ പുലിയാണ് പിടിയിലായിട്ടുള്ളതെന്നാണ് വനപാലകര്‍ പറയുന്നത്. ജീവനുള്ള ആടിനേയും മുയലിനേയും നല്‍കിയെങ്കിലും അവയൊന്നും ഈ പുലിക്കു വേണ്ടെന്ന് വനപാലകര്‍ പറയുന്നു.
കൂടാതെ പുലിയെ ഷാംപു ഉപയോഗിച്ചു കുളിപ്പിച്ചതിന്റെ ലക്ഷണങ്ങളും കാണാന്‍ കഴിയുന്നതായി ഇവര്‍ വ്യക്തമാക്കി. പുലിയെ പരിശോധിച്ച വെറ്ററിനറി സര്‍ജന്‍ ഡോ. കെ. ജയകുമാറാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുള്ളത്.
മുനുഷ്യര്‍ക്കൊപ്പം വളര്‍ന്നതിന്റെ ലക്ഷണങ്ങളാണ് പുലി പ്രകടിപ്പിക്കുന്നത്. കാട്ടില്‍ ജീവിച്ചു പരിചയമില്ലാത്ത പുലിയെ കാട്ടിലേയ്ക്കു തുറന്നുവിടാനാകില്ലെന്നും ഡോക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് ആശയക്കുഴപ്പത്തിലായ വനപാലകര്‍ പുലിയെ നെയ്യാര്‍ മൃഗസംരക്ഷണ കേന്ദ്രത്തില്‍ തന്നെ പാര്‍പ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ മാര്‍ച്ച് അഞ്ചിനാണ് തായത്തെരുവിലെ ജനവാസകേന്ദ്രത്തില്‍ കണ്ട പുലിയെ മയക്കുവെടി വെച്ചു പിടികൂടിയത്. പുലിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിരുന്നു. മൂന്ന് പേരെ ആക്രമിച്ച പുലി താഴെത്തെരു റെയില്‍വെ ക്രോസിന് സമീപമുള്ള പൊന്തക്കാട്ടിലാണ് ഒളിച്ചിരുന്നത്.
വനമേഖല വഴി വന്ന ഏതെങ്കിലും ട്രെയിനിന്റെ ഗുഡ്സ് ബോഗിയില്‍ കയറി പറ്റിയായിരിക്കാം പുലി സ്ഥലത്ത് എത്തിയതാകാം എന്നായിരുന്നു അന്നത്തെ നിഗമനം. എന്നാല്‍ ഇത് വളര്‍ത്തുപുലി ആകാം എന്നാണ് ഇപ്പോഴത്തെ സംശയം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.