പത്തനംതിട്ട: ചിത്തിര ആട്ട വിശേഷ പൂജകൾക്കായി നട തുറന്നപ്പോൾ ശബരിമലയിലെത്തിയ 7,300 പേരിൽ 200 പേർ മാത്രമാണ് യഥാർത്ഥ ഭക്തരെന്ന് കേരള പൊലീസ് വിലയിരുത്തൽ. ശേഷിക്കുന്ന 7000 ലേറെ പേർ ബിജെപിയുടെയും ആർഎസ്എസിന്റെയും വിവിധ ഹിന്ദു ഗ്രൂപ്പുകളുടെയും പ്രവർത്തകരോ, അവരുടെ പ്രേരണയിൽ എത്തിയവരോ ആണെന്നാണ് പൊലീസ് പറയുന്നത്.

ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോൾ പൊലീസുമായി സംഘർഷമുണ്ടാക്കിയവർ, ചിത്തിര ആട്ട വിശേഷ പൂജകൾക്കായി തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നട തുറന്നപ്പോൾ വീണ്ടും എത്തിയിരുന്നതായും പൊലീസ് റിപ്പോർട്ടിലുണ്ട്.

പോയ വര്‍ഷങ്ങളില്‍ ചിത്തിര ആട്ട പൂജയ്ക്കായി നട തുറക്കുമ്പോള്‍ സന്ദര്‍ശനത്തിനെത്തിയിരുന്നത് ശരാശരി 500- 700 പേരായിരുന്നു. ഈ കണക്ക് വച്ച് ഇക്കുറി ശബരിമലയിലെത്തിയവരുടെ പശ്ചാത്തലം പൊലീസ് അന്വേഷിക്കുന്നതായാണ് സൂചന.

‘ബിജെപി- ആര്‍എസ്എസ് സംഘാടനത്തിന്റെ ഭാഗമായാണ് ഇത്രയധികം ആളുകള്‍ ശബരിമലയിലെത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. കഴിഞ്ഞ മാസം പമ്പയിലും നിലയ്ക്കലിലുമായി നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്ത പലരും ഇക്കുറി ചിത്തിര ആട്ട പൂജകളുടെ സമയത്തും സന്നിധാനത്ത് എത്തിയതായി പൊലീസ് സംശയിക്കുന്നു. പൊലീസിന്റെ ഫേസ് റെക്കഗ്‌നീഷൻ സോഫ്റ്റ്‌വെയറിൽ ഇവർ വീണ്ടും ശബരിമലയിൽ എത്തിയിരുന്നതായി വ്യക്തമായെന്നും റിപ്പോർട്ടുകളുണ്ട്. മണ്ഡല മകരവിളക്ക് പൂജകൾക്കായി ഈ മാസം 16 ന് വീണ്ടും നട തുറക്കുമ്പോൾ ഇവർ വീണ്ടും എത്തിയേക്കാമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തില്‍ മണ്ഡലപൂജയ്ക്ക് വീണ്ടും നട തുറക്കുമ്പോള്‍ നിരീക്ഷണം കൂടുതല്‍ ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം’- റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

നേരത്തേ അറസ്റ്റിലായ പലരും ജാമ്യത്തിലിറങ്ങിയ ശേഷം ഇരുമുടിക്കെട്ടുമായി അയ്യപ്പദര്‍ശനത്തിന് വീണ്ടുമെത്തിയത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഭക്തരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുമെന്നത് കൊണ്ടാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് കഴിയാഞ്ഞതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ