തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തിന് കൈത്താങ്ങായി ഒഡീഷയും. കേരളത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോടി രൂപയാണ് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്ന ജനതയ്ക്ക് എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്‌ദാനം ചെയ്തിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് നവീന്‍ പട്‌നായിക് ഈ വിവരം അറിയിച്ചത്.

നേരത്തെ, തമിഴ് ചലച്ചിത്ര താരങ്ങളായ സൂര്യയും കാര്‍ത്തിയും തങ്ങള്‍ വാഗ്‌ദാനം ചെയ്ത 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. കാര്‍ത്തി മുഖ്യമന്ത്രിയ്ക്ക് ചെക്ക് കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു നടനും സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റുമായ മുഖ്യമന്ത്രിയ്ക്ക് 25 ലക്ഷം രൂപ മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്. കേരളത്തിന് അകത്തും പുറത്തുമായി നിരവധി പേരാണ് സഹായ ഹസ്തവുമായി രംഗത്തെത്തുന്നത്.

തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ വ്യാപകമായ നാശനഷ്ടങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലയോര മേഖലയില്‍ ഉരുള്‍പൊട്ടലും തുടരുകയാണ്. ഡാമുകളെല്ലാം പരമാവധി സംഭരണ ശേഷിയില്‍ തന്നെയാണ്. താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. രണ്ട് ദിവസത്തിനുള്ളില്‍ മാത്രം 68 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

കനത്ത മഴയിലും പ്രളയക്കെടുതിയിലും ഇന്ന് മാത്രം സംസ്ഥാനത്ത് 37 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. തൃശ്ശൂര്‍ വടക്കാഞ്ചേരിക്കടുത്ത് നാല് വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് 9 മരണം. മരണ സംഖ്യ ഉയരാനാണ് സാധ്യത. ഇനിയും കൂടുതല്‍ ആളുകള്‍ മണ്ണിനടിയില്‍ കുടുങ്ങി കിടപ്പുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

പാലക്കാട് നെന്മാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ നവജാത ശിശു ഉള്‍പ്പടെ 7 പേര്‍ മരിച്ചു. ഈരാറ്റുപേട്ട തീക്കോയിക്ക് അടുത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു. വൈക്കത്ത് വെള്ളക്കെട്ടില്‍ വീണ് വൃദ്ധ മരിച്ചു. പന്തീരികാവിലും സമാനമായ രീതിയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചിരുന്നു.

മലപ്പുറം ഓടക്കയത്ത് വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് രണ്ട് കുട്ടികള്‍ മരണപെട്ടു. കോഴിക്കോട് മാവൂരാടുത്തുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. തുമ്പോളിയില്‍ മരം വീണ് വൃദ്ധന്‍ മരിച്ചു. തൃശൂര്‍ പൂമാലയില്‍ വീട് തകര്‍ന്ന് രണ്ട് മരണം. പലയിടങ്ങളിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ