തിരുവനന്തപുരം : ക്രിസ്മസിന് തലേന്ന് വൈകുന്നേരം കോവളത്തെ മത്സ്യബന്ധനത്തൊഴിലാളികളും മുങ്ങല്‍വിദഗ്ദ്ധരും കടലിലേക്ക് പോയത് പതിവല്ലാത്ത ഒരുദ്ദേശവുമായാണ്. ഓഖി ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്കായി അടിക്കടലില്‍ പ്രാര്‍ത്ഥന നടത്താന്‍. പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത പലരും ഓഖി ദുരന്തത്തില്‍ സ്വന്തക്കാരേയും ബന്ധക്കാരേയും നഷ്ടപ്പെട്ടവരായിരുന്നു.
“അവര്‍ക്ക് ജീവന് നഷ്ടപ്പെട്ടത് കടലിനടിയിലാണ് എന്നതിനാല്‍ ഞങ്ങള്‍ക്ക് കടലിനടിയില്‍ തന്നെ പ്രാര്‍ത്ഥന നടത്തണം എന്ന് തോന്നി” ഓഷ്യന്‍ സഫാരിയുടെ മാനേജിങ് ഡയറക്ടറായ ജാക്സണ് പീറ്റര്‍ പറഞ്ഞു, സാഹസിക വിനോദസഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘമാണ് ബോണ്ട് ഓഷ്യന്‍ സഫാരി. മറൈന്‍ ലൈഫ് എന്ന എന്‍ജിഒയും പരിപാടിയില്‍ പങ്കെടുത്തു.
എട്ട് മത്സ്യബന്ധന തൊഴിലാളികളും നാല് മുങ്ങല്‍ വിദഗ്ധരുമാണ് കരയില്‍ നിന്നും ഇരുന്നൂറു മീറ്റര്‍ ദൂരത്തുള്ള അടിക്കടലിലേക്ക് പോയത്. ഏതാണ്ട് എട്ട് മീറ്റര്‍ ആഴത്തില്‍ നിന്നുകൊണ്ടായിരുന്നു അവരുടെ പ്രാര്‍ത്ഥന. ഓരോത്തരും അരമണിക്കൂറ് നേരം അവരുടേതായ വിശ്വാസങ്ങളില്‍ നിന്നുകൊണ്ട് പ്രകൃതി ദുരന്തം കൊണ്ടുപോയ ജീവനുകള്‍ക്കും ഇതുവരെ കണ്ടെത്താനാകാത്തവര്ക്കുമായി പ്രാര്‍ഥിച്ചു. ലാമിനേറ്റ് ചെയ്ത പേപ്പറിലാണ് പ്രാര്‍ത്ഥന എഴുതി കൊണ്ടുപോയത്.
കേരള സമൂഹവും സാംസ്കാരിക ലോകവും ഇത്തരമൊരു ദുരന്തമുണ്ടായിട്ടും അതിനോട് വേണ്ടവിധം പ്രതികരിച്ചില്ല എന്നാണ് പീറ്ററിന് അനുഭവപ്പെടുന്നത്. ” 78 പേരുടെ ജീവന് നഷ്ടപ്പെട്ടു എന്നത് അവരെ പിടിച്ചുകുലുക്കുന്നില്ല എങ്കില്‍ അതിലെന്തോ പ്രശ്നമുണ്ട്. സെലബ്രിറ്റികളും കവികളും പൊതുജീവിതം നയിക്കുന്നവരും ദുരന്തത്തെക്കുറിച്ച് ഒന്നും മിണ്ടിയിട്ടില്ല.” അദ്ദേഹം പറഞ്ഞു.
“അവരൊക്കെ എയര്‍ കണ്ടീഷന്‍ മുറികളില്‍ ഇരുന്നുകൊണ്ട് യഥാര്‍ത്ഥ ജീവിതങ്ങളെ കുറിച്ച് പറയുന്ന സിനിമകള്‍ കാണുന്നുണ്ട്. പക്ഷെ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് എന്തുകൊണ്ട് അവര്‍ പ്രതികരിക്കുന്നില്ല ? ” പീറ്റര്‍ ആരായുന്നു.
കേരളത്തില്‍ മാത്രമായി 75ല്‍ അധികം പേരാണ് ഒഖി ദുരന്തത്തില്‍ മരണപ്പെട്ടത്. ഇതുവരെ കണ്ടെത്താനാകാത്തവര്‍ ഒട്ടനവധിയാണ്. പൂന്തുറയിലും വിഴിഞ്ഞത്തും അടിമലത്തുറയിലും പൂവാറിലും ഈ ക്രിസ്മസ് ആഘോഷമില്ലാത്തതാണ്.