scorecardresearch
Latest News

കടലോരങ്ങളിലെ കരൾ പിളരും വേദനകൾ

സൂനാമി ദുരന്തത്തിന്രെ പതിമൂന്നാം വാർഷികമെത്തുമ്പോൾ കേരളത്തിലെ തെക്കൻ പ്രദേശങ്ങളിലെ തീരമേഖലകളിൽ ഓഖി ദുരന്തം സൃഷ്ടിച്ച വേദനയുടെ വലയിലാണ്

poonthura in christmas eve

വിശ്വാസങ്ങളും വാക്കുകളും പ്രതീക്ഷയുമെല്ലാം അസ്ഥാനത്തായി. വേദനയിൽ മുങ്ങിയ തിരുപ്പിറവി ദിനം കടന്നുപോകുമ്പോഴും അവർ മടങ്ങിയെത്തിയില്ല. ഓഖി ദുരന്തത്തെ തുടർന്ന് കടലിൽ പോയവരിൽ കാണാതായവരിൽ ഇരുന്നൂറോളം പേർ ഇപ്പോഴും മടങ്ങിയെത്തിയിട്ടില്ലെന്ന് ഔദ്യോഗിക കണക്കുകൾ പറയുന്നു. ഒട്ടേറെ ജീവിതങ്ങൾ കടലെടുത്ത് സൂനാമി ദുരന്തത്തിന്രെ പതിമൂന്നാം വാർഷികം എത്തുമ്പോൾ മറ്റൊരു ദുരന്തത്തിന്രെ ആഘാതത്തിൽ നിന്നും വിമുക്തമാകാതെ നിൽക്കുകയാണ് തെക്കൻ കേരളത്തിലെ തീരപ്രദേശങ്ങൾ. 

ക്രിസ്മസാകുമ്പോഴേയ്ക്കും കടലിൽ പോയവർ തിരികെയെത്തുമെന്ന വിശ്വാസവും പ്രതീക്ഷയും അന്നത്തേയ്ക്ക് എല്ലാവരെയും എത്തിക്കാൻ കഴിയുമെന്ന വാക്കുകളുമാണ് അസ്ഥാനത്തായത്. ഇതിനിടയിൽ കൊച്ചിയിൽ നിന്നും നിന്നും പോയ ബോട്ടുകളിൽ ആറെണ്ണം തകർന്നതായും മൂന്നെണ്ണം കണ്ടെത്താനായിട്ടില്ലെന്നും സർക്കാരിന്രെ പുതിയ കണക്ക് വൈകുന്നേരത്തോടെ വന്നു. ഈ ഒമ്പത് ബോട്ടുകളിലായി 92 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 15 പേർ തിരുവനന്തപുരം സ്വദേശികളും ബാക്കിയുളളവർ തമിഴ്‌നാട് സ്വദേശികളുമാണെന്നാണ് ലഭിക്കുന്ന വിവരം.

സർക്കാരിന്രെ കണക്ക് പ്രകാരം കാണാതയത് 197 പേരാണ്. ഇതിൽ കൂടുതൽ പേരും തിരുവനന്തപുരത്ത് നിന്നും കടലലിൽ പോയവരാണ്. . 132 പേരാണ് ഇവിടെ നിന്നും കാണാതായിട്ടുളളതെന്നാണ് കണക്കുകൾ. എന്നാൽ ഇതിലേറെ പേരെ കാണാതായിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ.

സുനാമി ദുരന്തത്തിന്രെ വാർഷികദിനമെത്തുമ്പോൾ മറ്റൊരു ദുരന്തത്തെ അഭിമുഖീകരിക്കുകയാണ് കേരളത്തിലെ തീരഗ്രാമങ്ങൾ. പതിമൂന്ന് വർഷം മുമ്പ് ക്രിസ്മസ് ആഘോഷത്തിന് തൊട്ടുപിന്നാലെയാണ് ആ ദുരന്തം കടന്നുവന്നതെങ്കിൽ ഇത്തവണ ക്രിസ്മസ്സിനെ കരൾ പിളരും കാലമാക്കിയാണ് ഓഖി ദുരന്തം തീരങ്ങളിൽ ആഞ്ഞടിച്ചത്. കരോൾ ഗാനങ്ങൾ ഒഴുകിയുണർത്തിയിരുന്ന തീരത്തെരുവകളെല്ലാം വേർപാടിന്രെയും വേദനയുടെയും കണ്ണീരൊഴുക്കിൽ കുതിർന്നാണ് ഇത്തവണത്തെ തിരുപ്പിറവി ദിനം കടന്നുപോയത്. നക്ഷത്രത്തിളക്കം നഷ്ടപ്പെട്ടത് വീടുകൾക്ക് മുന്നിൽ മാത്രമല്ല, ജിവിതത്തിന് മുന്നിൽ പകച്ച് നിൽക്കുന്നവരുടെ കണ്ണുകളിലുമാണ്.

കടലിൽ നിന്നും തിരികെയെത്തിവർക്ക് ഇപ്പോഴും തങ്ങൾ കടന്നുപോയ അനുഭവങ്ങളെ അതിജീവിക്കാനായിട്ടില്ല. കടലിൽ കളിച്ചുവളർന്ന അവരുടെ ഉളളിൽ കടലൊരു ഭയത്തിന്രെ തിരമാലയാണിപ്പോൾ ഉയർത്തുന്നത്. പലരും ഇനി കടലിലേയ്ക്കില്ല എന്ന് പറയുമ്പോൾ ആ വാക്കുകളിൽ അവരുടെ ഉളളിൽ വേലിയേറ്റം നടത്തുന്ന അതിജീവന സമയത്തെ വേദനകളുടെയും അവരുടെ ഉളളിലെ ഭയത്തിന്രെ കടലാഴം തിരിച്ചറിയാനാകും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Ockhi hit fishing villages relieve 2004 tsunami destruction