തിരുവനന്തപുരം: ഓഖി ദുരന്തത്തെ തുടർന്നുണ്ടായ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചെന്ന ആരോപണം കേരളത്തിനകത്ത് നേരിടുന്പോഴും കേരളത്തിന് പുറത്ത് നിന്ന് കാര്യക്ഷമമായ രക്ഷാപ്രവർത്തനത്തിന് കേരള സർക്കാറിന് പ്രശംസകൾ ലഭിക്കുകയാണ്. ഓഖി ദുരന്തത്തിനിരയായ തമിഴ്നാട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനും സുരക്ഷിതമായി തിരിച്ചയക്കാനും കേരള സര്‍ക്കാര്‍ ചെയ്ത സേവനങ്ങള്‍ക്ക് തമിഴ്നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി നന്ദി പ്രകടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തിലൂടെയാണ് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചത്.

അറബിക്കടലില്‍ മീന്‍പിടിക്കാന്‍ പോയ തമിഴ്നാട് മത്സ്യത്തൊഴിലാളില്‍ ഒരുപാട് പേര്‍ രക്ഷപ്പെട്ട് കേരള തീരത്താണ് എത്തിയത്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേരള സര്‍ക്കാരും കേരളത്തിലെ ജില്ലാ ഭരണ സംവിധാനങ്ങളും വലിയ സഹായമാണ് ചെയ്തതെന്ന് കത്തിൽ പളനിസ്വാമി പറഞ്ഞു. മുഖ്യമന്ത്രി ഫെയ്സ്ബുക്കിലൂടെ തമിഴ്നാട് മുഖ്യമന്ത്രിയുടെ കത്ത് പുറത്ത് വിട്ടു.

അതിനിടെ ഓഖി ചുഴലിക്കാറ്റിൽ സംസ്ഥാനത്ത് മരിച്ചവരുടെ ആശ്രിതർക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനിച്ചു. വിവിധ വകുപ്പുകളിൽ നിന്ന് പണം ഏകോപിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഇതിന് പുറമേ ആശ്രിതർക്ക് ഫിഷറീസ് വകുപ്പിൽ ജോലി നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ജോലിക്ക് വരാൻ സാധിക്കാത്തവർക്ക് ആഴ്ചയിൽ 2000 രൂപ വീതം മാസം 8000 രൂപ സാമ്പത്തിക സഹായവും നൽകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.