തിരുവനന്തപുരം: നാടാകെ പുതുവര്‍ഷം ആഘോഷിച്ചപ്പോള്‍ ഓഖിയുടെ വിറങ്ങലിപ്പ് വിട്ടുമാറാത്ത തീരദേശത്ത് ആഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ല. കടലില്‍ കാണാതായ ഉറ്റവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയായിരുന്നു തീരദേശ വാസികള്‍. ഓഖി ദുരിതബാധിതരുടെ സ്മരണയ്ക്കായി ആഘോഷങ്ങൾ ഒഴിവാക്കി കോവളം ബീച്ചിൽ നിരവധി പേർ ആദരാഞ്ജലികൾ അർപ്പിച്ചു. 1000 മൺചിരാതുകളും 1000 മെഴുകുതിരികളും തെളിയിച്ചാണ് ആദരാജ്ഞലികൾ അർപ്പിച്ചത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പരിപാടിയിൽ പങ്കെടുത്തു.
കേരളത്തിന്റെ ചരിത്രത്തിൽ 125 വർഷത്തിനിടയിൽ ഉണ്ടായ ഏറ്റവും വലിയ ദുരന്തമാണിത്. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ സ്വീകരിച്ച രക്ഷാപ്രവർത്തനങ്ങൾ 100 കണക്കിന് ജീവനുകളെ കരക്കെത്തിക്കാൻ കഴിഞ്ഞു. ഇനിയും സംസ്ഥാനത്തെ ആശുപത്രികളിൽ തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ ഉണ്ട്. മടങ്ങി വരാത്തവരും ധാരാളം ഉണ്ട്. അതിനാൽ ആഘോഷം ഒഴിവാക്കി അവർക്ക് ആദരാജ്ഞലികളാണ് അർപ്പിക്കേണ്ടതെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.