ന്യൂഡൽഹി: ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. ലോക്‌സഭയിൽ ചർച്ചയ്ക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങാണ് ഇക്കാര്യത്തിലെ നിലപാട് പറഞ്ഞത്. നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് രാജ്നാഥ് സിങ് അറിയിച്ചു.

വളരെ ഗൗരവതരമായാണ് സംഭവത്തെ കാണുന്നതെന്ന് പറഞ്ഞ കേന്ദ്രമന്ത്രി, കേരളത്തിൽ ഇതുവരെ 75 പേർ മരിക്കുകയും 215 പേരെ കാണാതാവുകയും ചെയ്തെന്ന് സഭയിൽ പറഞ്ഞു. അതേസമയം, ഓഖി ചുഴലിക്കാറ്റിൽ കേരളത്തിനുണ്ടായ നാശനഷ്ടം വിലയിരുത്താൻ ഉന്നതതല സംഘം നാളെ കേരളത്തിലെത്തും.

ആഭ്യന്തര വകുപ്പ് സെക്രട്ടറി വിപിൻ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച വരെ കേരളത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കും. അതേസമയം കലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നതിൽ വരുത്തിയ വീഴ്ചയെ കുറിച്ച് ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്ന് ശശി തരൂർ ആവശ്യപ്പെട്ടു.

20 കോടി ചിലവിട്ട് സൈക്ളോണ്‍ മുന്നറിയിപ്പിനായി സ്ഥാപിച്ച സംവിധാനത്തിന്‍റെ അവസ്ഥ എന്തെന്ന് പരിശോധിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. ഓഖി ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന മുന്നറിയിപ്പ് നൽകുന്നതിൽ കേന്ദ്ര സർക്കാർ വലിയ വീഴ്ചയാണ് വരുത്തിയതെന്ന് പി.കരുണാകരൻ എംപിയും സഭയില്‍ ആരോപിച്ചു. ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് നൽകുന്നതിലും പുനരധിവാസ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിലും വീഴ്ച സംഭവിച്ചെന്ന് കെ.സി.വേണുഗോപാൽ എംപിയും കുറ്റപ്പെടുത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ