പൊന്നാനി: ഓഖി ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. പൊന്നാനി അഴിമുഖത്ത് നിന്ന് 10 നോട്ടിക്കല്‍ മൈല്‍ അകലെ മൽസ്യത്തൊഴിലാളികളാണ് മൃതദേഹങ്ങള്‍ കണ്ടത്. ഇന്നലെ കണ്ടെത്തിയ നാല് മൃതദേഹങ്ങള്‍ ഇന്ന് രാവിലെയോടെ കരക്കെത്തിച്ചു. ഇവ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. വിഴിഞ്ഞത്ത് നിന്ന് മൽസ്യത്തൊഴിലാളികളുമായി തിരച്ചിലിന് പോയ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പല്‍ ഇന്ന് തിരിച്ചെത്തും. ഇനിയും 146 പേരെ കണ്ടെത്താനുണ്ടെന്നാണ് റവന്യു വകുപ്പിന്റെ കണക്ക്.

അതേസമയം, ഓഖി ചുഴലിക്കാറ്റില്‍ പെട്ട മുഴുവന്‍ മൽസ്യത്തൊഴിലാളികളെയും കണ്ടെത്തണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ലത്തീന്‍ അതിരൂപത നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ച് പുരോഗമിക്കുകയാണ്. വിവിധ മേഖലകളില്‍ നിന്നുള്ള ആയിരങ്ങളാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. ഓഖി ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണെന്ന് കേന്ദ്രത്തോട് ലത്തീന്‍ കത്തോലിക്കാ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ.സുസൈപാക്യം ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ