തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ കോഴിക്കോട്ടെ തീരപ്രദേശങ്ങളിലും പുറംകടലിലും ഇന്നും തുടരും. മൽസ്യത്തൊഴിലാളികള്‍ക്കൊപ്പം തീരസംരക്ഷണ സേനയും ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. മൽസ്യത്തൊഴിലാളികള്‍ നല്‍കുന്ന നിര്‍ദേശങ്ങളനുസരിച്ച് തീരസംരക്ഷണ സേനയും മറൈന്‍ എന്‍ഫോഴ്‌സ്മന്റും ഫിഷറീസ് വകുപ്പും കടലില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. കാലാവസ്ഥ അനുകൂലമല്ലാത്തത് തിരച്ചില്‍ ദുഷ്‌കരമാക്കുന്നുണ്ട്.

ആറ് പേരുടെ മൃതദേഹങ്ങള്‍ കൂടി കടലില്‍ കണ്ടതായി മൽസ്യത്തൊഴിലാളികള്‍ പറഞ്ഞെങ്കിലും ഇവ കണ്ടെത്താനായിട്ടില്ല. കോഴിക്കോട് ആണ് മൃതദേഹങ്ങള്‍ കണ്ടത്. ഇതോടെ മരിച്ചവരുടെ എണ്ണം 71 ആയതായാണ് വിവരം. മരിച്ച പലരുടെയും മൃതദേഹം ഇനിയും തിരിച്ചറിയാനായില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ബേപ്പൂരില്‍നിന്നും മറ്റ് സ്ഥലങ്ങളില്‍നിന്നും ലഭിച്ച മൃതദേഹമാണ് തിരിച്ചറിയനാകാത്തത്. മൃതദേഹം തിരിച്ചറിയാനായി ഡിഎന്‍എ പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം.

ബേപ്പൂര്‍, പൊന്നാനി, ചെല്ലാനം, തൃശൂര്‍ എന്നിവിടങ്ങളില്‍നിന്നായി നിരവധി മൃതദേഹമാണ് കഴിഞ്ഞ രണ്ട് ദിവസമായി ലഭിച്ചത്. കടലില്‍ കിടന്ന് പൂര്‍ണമായും അഴുകിയ നിലയിലാണ് മൃതദേഹം ഉള്ളത്. പല മൃതദേഹവും മൽസ്യങ്ങള്‍ ഭക്ഷിച്ചിട്ടുണ്ട്. കടലില്‍പോയി ഇനിയും വിവരം ലഭിക്കാത്ത മൽസ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ കോഴിക്കോട്ട് മെഡിക്കല്‍ കോളജിലെത്തുന്നുണ്ട്. ചില മൃതദേഹമെങ്കിലും വസ്ത്രങ്ങളും, വാച്ചും കണ്ട് ബന്ധുക്കള്‍ തിരിച്ചറിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ബാക്കിഉള്ളവ ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കും.

കൂടുതല്‍ മൃതദേഹം ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കുക എന്നതും ശ്രമകരമാണ്. മരിച്ചവരുടെ രക്ത ബന്ധത്തിലുഉള്ളവര്‍ എത്തിയാൽ മാത്രമേ പരിശോധന നടത്തനാകൂ. ആളെ തിരിച്ചറിയാനായി പല മൃതദേഹങ്ങളുമായി കാണാതായവരുടെ ബന്ധുക്കളുടെ ഡിഎന്‍എ പരിശോധന നടത്തേണ്ടിവരും. മരിച്ച ആളെ തിരിച്ചറിഞ്ഞാല്‍ മാത്രമേ സര്‍ക്കാര്‍ പ്രഖ്യാപിച്ച 20ലക്ഷം രൂപ കുടുംബങ്ങള്‍ക്ക് ലഭിക്കൂ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.