തിരുവനന്തപുരം: ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഹെലികോപ്റ്റർ യാത്ര വിവാദത്തിൽ. യാത്രയ്ക്ക് പണം അനുവദിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞില്ലെന്ന വാദം തെറ്റാണെന്ന് സാധൂകരിക്കുന്ന തെളിവുകൾ പുറത്ത് വന്നു. ഓഖി ഫണ്ടിൽ നിന്ന് പണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് ലഭിച്ചിരുന്നു. അതേസമയം റവന്യൂവകുപ്പ് മന്ത്രി അറിയാതെ പണം അനുവദിച്ചതിൽ സിപിഐക്ക് കടുത്ത അതൃപ്തിയാണ് ഉളളത്.

അതേസമയം, പിണറായി വിജയന് ഹെലികോപ്റ്റർ യാത്ര അനുവദിച്ചത് പൊലീസിന്റെ അറിവോടെ അല്ലെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. ഹെലികോപ്റ്റർ യാത്രക്ക് സുരക്ഷ ക്ലിയറൻസ് നൽകുക മാത്രമാണ് ചെയ്തതെന്നും ലോക്‌നാഥ് ബെഹ്റ തിരുവനന്തപുരത്ത് പറഞ്ഞു. എന്നാൽ ഹെലികോപ്റ്റർ യാത്രക്ക് പണമനുവദിക്കണമെന്ന് ഡിജിപി ആവശ്യപ്പെട്ടതായാണ് വ്യവസായ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവിലുളളത്.

അതേസമയം, സംഭവത്തിൽ റവന്യു സെക്രട്ടറി പി.എച്ച്.കുര്യനോട് വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ വിശദീകരണം തേടി. ഇന്ന് വൈകുന്നേരത്തിനകം വിശദീകണം നൽകണമെന്നാണ് മന്ത്രിയുടെ നിർദ്ദേശം.

തൃശൂരിൽ സിപിഎമ്മിന്റെ ജില്ല സമ്മേളന വേദിയിൽ നിന്നാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് ഹെലികോപ്റ്ററിൽ യാത്ര ചെയ്തത്. ഇതിനായി ഹെലികോപ്റ്ററിന് എട്ട് ലക്ഷം വാടക നൽകി. 13 ലക്ഷമായിരുന്നു കമ്പനി ചോദിച്ചത്. എന്നാൽ വിലപേശി ഇത് എട്ട് ലക്ഷമാക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ