ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റിനെ സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നതിൽ ഉള്ള വീഴ്ചയും, രക്ഷപ്രവർത്തനങ്ങളിൽ ഉണ്ടായ വീഴ്ചയും സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ലത്തീൻ രൂപത വൈദികൻ സുപ്രീം കോടതിയിൽ പൊതു താത്പര്യ ഹർജി ഫയൽ ചെയ്തു.

ഓഖി ദുരിത ബാധിതരുടെ പുനരധിവാസത്തിന് അനുവദിച്ച തുക വകമാറ്റി ചെലവഴിക്കുന്നത് തടയണം എന്നും ഹർജിയിൽ ആവശ്യം. ഓഖി പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഉള്ള ഫണ്ടിൽ നിന്ന് പണം വകമാറ്റി പിണറായി വിജയൻറെ ഹെലികോപ്റ്റർ യാത്രക്കുള്ള പണം നൽകാൻ നീക്കം നടന്നതായും വൈദികൻ ഹര്‍ജിയില്‍ ആരോപിച്ചു.

ദുരന്തത്തിൽ മരിച്ചവരുടെയും കാണാതായവരുടെയും യഥാർത്ഥ കണക്ക് പുറത്ത് വിടാൻ കേന്ദ്ര, കേരള, തമിഴ്നാട് സർക്കാരുകളോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഓഖി ചുഴലിക്കാറ്റിൽ മരണസംഖ്യ ഉയരാൻ കാരണം മുന്നറിയിപ്പ് നൽകുന്നതിൽ സർക്കാരുകൾ വരുത്തിയ വീഴ്ചയാണ്. മുന്നറിയിപ്പ് നൽകുന്നതിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് വീഴ്ച വരികയോ,​ അല്ലെങ്കിൽ കേന്ദ്രം നൽകിയ മുന്നറിയിപ്പ് സംസ്ഥാനം അവഗണിക്കുകയോ ചെയ്തിരിക്കാം. ഏതാണ് സംഭവിച്ചതെന്ന് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണം.

സർക്കാരിന് പറ്റിയത് ഗുരുതരമായ വീഴ്ചയാണ്. ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതയ്ക്കുമ്പോൾ കേന്ദ്ര സർക്കാരിന് നേതൃത്വം നൽകുന്നവർ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിരക്കിലായിരുന്നു. തമിഴ്നാട് സർക്കാരിന് നേതൃത്വം നൽകുന്നവർ ചെന്നൈയിലെ ഉപതിരഞ്ഞെടുപ്പിന്റെ ആലസ്യത്തിലുമായിരുന്നു. ഉചിതമായ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ മത്സ്യ ത്തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നെന്നും ഹർജിയിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.