തുമ്പ: ഓഖി ചുഴലിക്കാറ്റ് ദുരന്തം നേരിടുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതര വീഴ്ച വരുത്തിയതായി കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. ദുരന്തം സംഭവിച്ചിട്ട് ഇത്രയും ദിവസമായിട്ടും സംസ്ഥാന സർക്കാർ ഉണർന്നിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. തുമ്പയിലെ ദുരന്തമേഖല സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. കഴിഞ്ഞ തവണ വന്നപ്പോള്‍ സര്‍ക്കാരിനെതിരെ ഒരക്ഷരം പറഞ്ഞിരുന്നില്ലെന്നും അഞ്ചാം ദിവസവും സര്‍ക്കാര്‍ അലംഭാവം തുടരുകയാണെന്നും ആദ്ദേഹം പറഞ്ഞു.

രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ പരാജയമടഞ്ഞ സര്‍ക്കാര്‍ നാട്ടുകാരുടെ വേദന ഉള്‍കൊള്ളാനുള്ള മനസ് കാണിക്കണമെന്നും ഉമ്മന്‍ചാണ്ടി തുമ്പയില്‍ പറഞ്ഞു. ഓഖി ചുഴലിക്കാറ്റിന്റെ കെടുതികളെ നേരിടാന്‍ സര്‍ക്കാര്‍ ഇനിയും ഉണര്‍ന്നിട്ടില്ല. സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ചയാണ് ദുരന്തത്തിന്റെ വ്യാപ്തികൂട്ടിയതെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു.

എംഎല്‍എമാരായ കെ.മുരളീധരന്‍, വി.എസ്.ശിവകുമാര്‍ എന്നിവര്‍ക്കൊപ്പമാണ് ഉമ്മന്‍ ചാണ്ടി എത്തിയത്. ഉമ്മന്‍ ചാണ്ടിയും സംഘവും മടങ്ങിയതിന് പിന്നാലെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുമ്പ മേഖലയിലെത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ