കൊ​ച്ചി: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​ൽ കാ​ണാ​താ​യ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി കൊച്ചിയിൽ ക​ണ്ടെ​ത്തി. ചെ​ല്ലാ​നം തീരത്ത് നിന്ന് ആറ് നോട്ടിക്കൽ മൈൽ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം രാത്രിയോടെ കരയ്ക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 46 ആയെന്നാണ് അനൗദ്യോഗിക കണക്ക്. അതേസമയം 38 പേരുടെ മരണമാണ് സർക്കാർ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം 146 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് സംസ്ഥാന സർക്കാർ നേരത്തെ പറഞ്ഞിരുന്നു.

ഓഖി ചുഴലിക്കാറ്റിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചത് കേരളവും തമിഴ്നാടുമാണ്. രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനും കേന്ദ്രസർക്കാരിനോട് കേരളം സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. 1843 കോടി രൂപയുടെ പാക്കേജിനാണ് കേരളം ആവശ്യപ്പെട്ടത്.

അതേസമയം ദുരിതത്തിന്റെ ആഘാതം പഠിക്കാൻ കേന്ദ്രം ഉന്നത തല സംഘത്തെ അയക്കുമെന്ന് അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. അടിയന്തിരമായി 300 കോടി നൽകണമെന്ന സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥനയിലും കേന്ദ്ര നടപടിയായിട്ടില്ല.​

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ