പൂന്തുറ: ഓഖി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടൽക്ഷോഭത്തിനെ തുടർന്ന് കാണാതായ മത്സ്യതൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുന്നു. ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു. തിരച്ചിലിനായി പോയ മത്സ്യത്തൊഴിലാളികളാണ് ഇന്ന് ഒരു മൃതദേഹം കണ്ടെത്തിയത്.

സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ന് കടലിലേക്ക് പോവുകയായിരുന്നു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിപ്പോയവരെ ഉള്‍ക്കടലിലേക്ക് അന്വേഷിച്ച് പോവുകയാണ് തൊഴിലാളികള്‍. 140ഓളം തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്നത്. പൂന്തുറ, വിഴിഞ്ഞം സ്വദേശികളാണിവര്‍. സര്‍ക്കാരിന്‍റെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം കാര്യക്ഷമം അല്ലെന്ന് ആരോപിച്ചാണ് ഇവര്‍ സ്വന്തം നിലയ്ക്ക് കടലില്‍ പോയത്.

അതേസമയം, കേരളത്തില്‍ നിന്നുള്ള 66 ബോട്ടുകളും തമിഴ്‌നാട്ടിലെ രണ്ട് ബോട്ടുകളും മഹാരാഷ്ട്ര തീരത്തെത്തിയിരുന്നു. ബോട്ടുകള്‍ മുംബൈ തീരത്തെത്തിയെന്നും ബോട്ടുകളിലെ തൊഴിലാളികള്‍ സുരക്ഷിതരാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. 952 മല്‍സ്യത്തൊഴിലാളികളാണ് ബോട്ടുകളിലുള്ളത്. ഇവര്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്യുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് ട്വിറ്ററില്‍ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ