ആലപ്പുഴ: ഓഖി ദുരന്തത്തിൽപെട്ട് മരിച്ച ഒരാളുടെ കൂടി മൃതദേഹം ആലപ്പുഴ തീരപ്രദേശത്ത് കണ്ടെത്തി. മറൈൻ എൻഫോഴ്സ്മെന്‍റ്-ഫിഷറീസ് വിഭാഗം നടത്തിയ തിരച്ചിലിലാണ് കടലിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തത്. മൃതദേഹം രാത്രി പത്തോടെ കൊല്ലം അഴീക്കൽ തീരത്ത് എത്തിക്കും. മൃതദ്ദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കാണാതായവർക്ക് വേണ്ടി വിവിധ വകുപ്പുകൾ തിരച്ചിൽ തുടരുകയാണ്.
ഇതോടെ ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് മരണമടഞ്ഞവരുടെ എണ്ണം 39 ആയി. ഇനിയും 96 ഓളം പേരെ കണ്ടെത്താനുണ്ടെന്നാണ് റവന്യൂവകുപ്പിന്റെ കണക്ക്. ചെറുവള്ളങ്ങളിൽ മൽസ്യബന്ധനത്തിന് പോയവരുടെ കാര്യത്തിലാണ് വലിയ തോതിലുളള ആശങ്ക നിലനിൽക്കുന്നത്. വലിയ ബോട്ടുകളിൽ പോയവർ പലരും വിവിധ തീരങ്ങളിൽ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. നാവികസേനയുടെ 12 ഓളം കപ്പലുകളും ഹെലികോപ്റ്ററുകളും തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ന് വൈകിട്ടോടെ വ്യോമസേനയും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.