തിരുവനന്തപുരം: നേവിയുടെ രക്ഷാപ്രവര്‍ത്തനത്തില്‍ കണ്ടെത്തിയ 11 പേരുമായി ഐഎന്‍എസ് കല്‍പ്പേനിയും കൊച്ചിയിലെത്തി. ഉച്ചയോടെ നേവല്‍ ബേസിലാണു കപ്പല്‍ എത്തിയത്. 11 പേരും തിരുവനന്തപുരം സ്വദേശികളാണ്.

ഓഖി ദുരന്തത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുമായി തിരുവനന്തപുരത്ത് എത്തിയ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി മടങ്ങി. ദുരന്തവുമായി ബന്ധപ്പെട്ട സാമ്പത്തിക സഹായം തത്കാലം പ്രഖ്യാപിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം കണക്കിലെടുത്ത് പിന്നീട് തീരുമാനിക്കും.

സുനാമി ഉണ്ടായതിനേക്കാളും കൂടുതല്‍ സന്നാഹങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഒരുക്കിയിട്ടുണ്ടെന്ന് വിഴിഞ്ഞം സന്ദര്‍ശിച്ച പ്രതിരോധമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാവിധ ആധുനിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. കാണാതായവരെ കണ്ടെത്തും വരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്നും മന്ത്രി ഉറപ്പു നല്‍കി.

‘കടലില്‍ അകപ്പെട്ട അവസാനത്തെ ആളേയും കരയിലെത്തിക്കും. ആരും ഇപ്പോള്‍ ദയവ് ചെയ്ത് പരസ്പരം പഴി പറയരുത്. നമ്മള്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. ഇതില്‍ നിന്ന് നമ്മള്‍ പാഠം ഉള്‍ക്കൊളളുകയാണ് വേണ്ടത്. ഈ സമയത്ത് ആരേയും കുറ്റം പറയേണ്ട. മുന്നറിയിപ്പ് അപ്പപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. കേന്ദ്രത്തിന് കിട്ടുന്ന മുറയ്ക്കാണ് മുന്നറിയിപ്പ് നല്‍കിയിരുന്നത്’, നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

ഇന്നലെ വിഴിഞ്ഞത്ത് എത്തിയ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും എതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ പൊലീസ് അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുളളത്. എന്നാല്‍ കേന്ദ്രമന്ത്രിയുടെ വാക്കുകളെ ശാന്തമായാണ് പ്രദേശവാസികള്‍ കേട്ടത്. എന്നാല്‍ പൂന്തുറയില്‍ കേന്ദ്രമന്ത്രി ജനങ്ങളോട് സംസാരിക്കുമ്പോള്‍ ഒരുവിഭാഗം പ്രതിഷേധം ഉയര്‍ത്തി.

താനും ഒരു സ്ത്രീ ആണെന്നും വീട്ടിലുളളവര്‍ തിരിച്ചു വരാതിരുന്നാലുളള വേദന തനിക്കും അറിയാമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. തുടര്‍ന്ന് ജനങ്ങള്‍ ശാന്തരായെങ്കിലും ചിലര്‍ പ്രതിഷേധം തുടര്‍ന്നു. എന്നാല്‍ എല്ലാവിധ സഹായങ്ങളും കേന്ദ്രം ഉറപ്പുവരുത്തുന്നതായി അറിയിച്ച് മന്ത്രി മടങ്ങി.

പ്രതിരോധമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ മന്ത്രിമാരായ കടകംപളളി സുരേന്ദ്രനും മേഴ്സിക്കുട്ടിയമ്മയും കലക്ടര്‍ വാസുകിയും പങ്കെടുത്തു. തിരുവനന്തപുരം വ്യോമസേന വിമാനത്താവളത്തിലെത്തിയ പ്രതിരോധ മന്ത്രി ഇന്നലെ കന്യാകുമാരിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ എയര്‍ഫോഴ്‌സിന്റെ തിരുവനന്തപുരം ശംഖുമുഖത്തെ ടെക്‌നിക്കല്‍ ഏരിയയിലാണ് മന്ത്രിയെത്തിയത്. മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിര്‍മല സീതാരാമനെ സ്വീകരിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ കരസേനയും സജ്ജമായിരിക്കുകയാണെന്നാണ് വിവരം. നിലവില്‍ നാവികസേനയും, വ്യോമസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ