തിരുവനന്തപുരം: ഓഖി ചുഴിലക്കാറ്റിന്റെ ദുരിതം അനുഭവിക്കുന്ന പൂന്തുറയില്‍ നടി മഞ്ജു വാര്യര്‍ സന്ദര്‍ശം നടത്തി. മരിച്ചവരുടെ വീടുകളിലെത്തിയ മഞ്ജു അധികാരികളെ കണ്ട് സംസാരിക്കാമെന്ന് ഉറപ്പു നല്‍കി. എട്ടോളം വീടുകളില്‍ ഇതിനോടകം മഞ്ജു വാര്യര്‍ സന്ദര്‍ശനം നടത്തി.

ഓഖി ദുരന്തം ഏറ്റവും കൂടുതല്‍ നാശനഷ്ടം വിതച്ചത് തിരുവനന്തപുരം പൂന്തുറ മേഖലയിലാണ്. ദുരന്തത്തില്‍ 70ഓളം പേര്‍ മരണപ്പെട്ടിരുന്നു. 200ഓളം മൽസ്യത്തൊഴിലാളികള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല.

ദുരന്തത്തെ തുടര്‍ന്ന് കേരളത്തിലുണ്ടായ നഷ്ടം നേരിട്ട് മനസ്സിലാക്കുന്നതിന് കേന്ദ്രസംഘം ഇന്നലെ തിരുവനന്തപുരത്തെത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ദുരന്ത നിവാരണ വിഭാഗം അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മല്ലിക്, കേന്ദ്ര ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ ഡോ. സഞ്ജയ് പാണ്ഡെ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

തിരുവനന്തപുരത്തെ ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ചതിനു ശേഷം സംഘം ഇന്നലെ സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ