തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ഉണ്ടാക്കിയ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ സർവ്വകക്ഷി യോഗം വിളിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. ശനിയാഴ്ച ഉച്ചയ്ക്കാണ് യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ചേംബറിൽവെച്ചാണ് യോഗം നടക്കുക. എല്ലാ രാഷ്ട്രീയ പാർട്ടികളെയും വിവിധ വകുപ്പ് മേധാവികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
നേരത്തെ ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണ്ണറുമായി കൂടികാഴ്ച നടത്തിയിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളും സർക്കാർ നടപടികളെപ്പറ്റിയും ഇരുവരും ചർച്ച നടത്തി. ഗവർണ്ണറുടെ ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി രാജ്ഭവനിൽ എത്തിയത്. ചുഴലിക്കാറ്റിൽ മരിച്ചവർക്കായി പ്രഖ്യാപിച്ച ധനസഹായം ഉടൻ തന്നെ വിതരണം ചെയ്യണമെന്ന് ഗവർണ്ണർ പി.സദാശിവം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിനിരയായവർക്കായി സർക്കാരിന്റെ പ്രത്യേക പാക്കേജിന് മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നൽകിയിരുന്നു. ചുഴലിക്കാറ്റ് സൃഷ്ടിച്ച നാശനഷ്ടങ്ങളും തുടർന്ന് സ്വീകരിക്കേണ്ട നടപടികളും ഉൾപ്പെടുത്തിയുള്ളതാണ് പാക്കേജ്. ചീഫ് സെക്രട്ടറിക്കായിരിക്കും പാക്കേജ് നടപ്പാക്കുന്നതിന്റെ ചുമതല.
സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന 10 ലക്ഷം, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് അഞ്ച് ലക്ഷം, ഫിഷറീസ് വകുപ്പില്‍നിന്ന് അഞ്ച് ലക്ഷം എന്നിങ്ങനെയാണ് ആകെ 20 ലക്ഷം രൂപ ഓരോ കുടുംബത്തിനും നല്‍കുന്നത്. ഗുരുതരമായി പരുക്കേറ്റ് തുടര്‍ന്ന് ജോലി ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ബദല്‍ ജീവിതോപാധിയായി ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപയുടെ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.